ചണ്ഡിഗഢ്: ഗുസ്തി ചാമ്പ്യനും ഹരിയാനയിലെ ബി.ജെ.പി നേതാവുമായ ബബിതാ ഫോഗട്ട് സംസ്ഥാന കായിക വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായി ബബിത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് ബബിതയുടെ രാജി പ്രഖ്യാപനമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒഴിവാക്കാനാകാത്ത സാഹചര്യമായതിനാല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ സ്ഥാനമൊഴിയുന്നുവെന്നാണ് സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പലിന് നല്‍കിയ കത്തില്‍ പറയുന്നത്.
‘ അടുത്തിടെയാണ് ഞാന്‍ സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയരക്ടര്‍ സ്ഥാനമേറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ ചില ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുള്ളതിനാല്‍ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞേക്കില്ല’- ഫോഗട്ട് കത്തില്‍ പറഞ്ഞു.
അതേസമയം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയാണ് ഫോഗട്ടിന്റെ പെട്ടെന്നുള്ള രാജിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നവംബര്‍ 3 ന് നടക്കുന്ന സോണിപട്ട് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധ്യതയുള്ളയാളാണ് ബബിത ഫോഗട്ട് എന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷമായിരുന്നു ബബിതയും പിതാവായ മഹാവിര്‍ ഫോഗട്ടും ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശനം.
‘2014 മുതല്‍ ഞാന്‍ നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണ്. അദ്ദേഹം രാജ്യപുരോഗതിയ്ക്കായി പ്രവര്‍ത്തിക്കുന്നയാളാണ്. രാജ്യത്തെ ഓരോ പൗരനും ചേരാനാഗ്രഹിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി’- എന്നായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം ബബിത പറഞ്ഞത്.
ബി.ജെ.പിയില്‍ ചേരുന്നതിന് മുമ്പ് തന്നെ കേന്ദ്രസര്‍ക്കാരിന്റെ എല്ലാ നയങ്ങളെയും അഭിനന്ദിച്ചിരുന്നയാളാണ് ബബിത. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ കേന്ദ്രത്തിന്റെ നടപടിയെ പൂര്‍ണ്ണമായി അനുകൂലിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബബിത രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
അതേസമയം കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷമാദ്യം ബബിത നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. വൈറസ് വ്യാപനത്തിന് കാരണം മുസ്‌ലിം ജനവിഭാഗമാണെന്ന തരത്തില്‍ അവര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; Babitha Phogut Resigns From Haryana Sports Department