| Monday, 17th April 2017, 3:17 pm

ബാബുവേട്ടന്‍ കാണാത്ത അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രിയ എഴുത്തുകാരനായ ബാബു ഭരദ്വാജിനെ കണ്ടുമുട്ടുവാന്‍ ഇടയായത്. അദ്ദേഹത്തിന് പുല്‍പ്പള്ളിയില്‍ ബന്ധുക്കളും കൂടാതെ ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു. സിവില്‍ എഞ്ചിനിയറിംഗ് കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ പുല്‍പ്പള്ളിയില്‍ ഒരു സ്ഥാപനം തുടങ്ങി പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

ഈ ബന്ധങ്ങളെല്ലാം ഉള്ളതിനാല്‍ ഇടയ്ക്കിടെ വയനാട്ടിലും പുല്‍പ്പള്ളിയിലും അദ്ദേഹം വന്നു പോകാറുണ്ടായിരുന്നു.

അദ്ദേഹത്തെ കാണണമെന്നും കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തണമെന്നുമുള്ള എന്റെ ആഗ്രഹം ചില പൊതു സുഹൃത്തുക്കളോട് ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തിന്റെ ഒരു സന്ദര്‍ശനവേളയില്‍ ഒരു ദിവസം മുഴുവന്‍ റെജി മാഷും, അദ്ദേഹത്തിന്റെ പുല്‍പ്പള്ളിയിലെ പ്രവര്‍ത്തന കാലത്തിലെ സഹപ്രവര്‍ത്തകനായിരുന്ന അബ്രാഹം ചേട്ടനുമൊപ്പം ചിലവഴിക്കാന്‍ ഇടയായി.

യാതൊരു ബുദ്ധിജീവി നാട്യങ്ങളോ ജാഢയോ ഇല്ലാത്ത പെരുമാറ്റം, ഒരു അടുത്ത സുഹൃത്തിനെ പോലുള്ള സംസാരം. ഒരു മുറിക്കുള്ളിലായിരുന്നു ഞങ്ങള്‍ എങ്കിലും ജനലുകളും വാതിലുകളും ഭിത്തികളും എല്ലാം ദേതിച്ചു കടന്നു പോയി അദ്ദേഹം. കാരമസോവ് സഹോദരന്മാരിലെ കഥാപാത്രങ്ങളേയും കഥാസന്ദര്‍ഭങ്ങളേയും വ്യക്തമായി ഓര്‍ത്തെടുത്തു. സമകാലിക രാഷ്ട്രീയവും എല്ലാം വളരെ വ്യക്തതയോടെ അദ്ദേഹം സംസാരിച്ചു. ഇതിനിടയില്‍ ഞാന്‍ ഫോട്ടോയെടുക്കല്‍ തുടര്‍ന്നു.

ആദ്യമായി കാണുന്ന ഒരാളുടെ ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴുണ്ടാകുന്ന പരിഭ്രമമോ അപരിചിതത്വമോ എനിക്കു തോന്നിയില്ല . പണ്ടേ സുഹൃത്തായ ഒരാളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതു പോലെ അനായാസകരമായിരുന്നു എനിക്കത്. ഈ ചിത്രങ്ങളൊക്കെ അയച്ചുകൊടുക്കണം എന്നു ബാബുവേട്ടന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീടൊരിക്കല്‍ നേരിട്ടു കണ്ടപ്പോഴും അത് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ എന്നിലെ അലസന്‍ അതൊന്നും ചെയ്യുകയുണ്ടായില്ല .

ബാബുവേട്ടന്‍ കാണാത്ത അദ്ദേഹത്തിന്റെ ചിത്രങ്ങളാണിത്. ഒരിക്കല്‍ കോഴിക്കോട് പോകുമ്പോള്‍ നേരിട്ടു കണ്ട് ഇത് ഏല്‍പ്പിക്കണം എന്നു കരുതിയിരുന്നു. എന്നാല്‍ ഇത്രവേഗം ആ മനുഷ്യന്‍ നമ്മെ വിട്ടുപിരിയുമെന്ന് നാമാരും കരുതിയില്ലല്ലോ.

We use cookies to give you the best possible experience. Learn more