ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതിവിധിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ബാബ്‌റി മസ്ജിദ് കവര്‍ ഫോട്ടോ ചാലഞ്ച്. ഏറെ പ്രചാരം നേടിയ ബാബറി മസ്ജിദിന്റെ ഒരു പെയ്ന്റിംഗ് ഫേസ്ബുക്ക് കവര്‍ ഫോട്ടോ ആക്കിക്കൊണ്ടാണ് ഈ ചാലഞ്ച് നടക്കുന്നത്.
#BabriMasjidCoverPhotoChallenge എന്ന ഹാഷ്ടാഗിലാണ് ചാലഞ്ച് നടക്കുന്നത്. ‘ഈ ഫാസിസ്റ്റ് ഭരണം നിലംപതിക്കുന്നത് വരെയോ അല്ലെങ്കില്‍ ഈ പ്രൊഫൈല്‍ ഉപയോഗിക്കുന്നത് നിര്‍ത്തുന്നത് വരെയോ ബാബറി മസ്ജിദിന്റെ ഒരു ഫോട്ടോയോ പെയ്ന്റിംഗോ ആയിരിക്കും എന്റെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ. ഈ അനീതി ഞാന്‍ എന്നും ഓര്‍ത്തുവെക്കും. നിങ്ങള്‍ക്ക് ചരിത്രത്തെ മായ്ച്ചുകളയാനാകില്ല.’ എന്നാണ് ഈ ചാലഞ്ചില്‍ ഫോട്ടോക്കൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പ്.
ബാബറി മസ്ജിദ് വിധിക്കെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി ഉയരുന്നത്. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയില്‍ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചിരിക്കുന്നത്. ”അവിടെ പള്ളി ഉണ്ടായിട്ടേയില്ല.പുതിയ ഇന്ത്യയിലെ നീതി”, പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ എഴുതി.
ബാബറി മസ്ജിദ് സ്വയം തകര്‍ന്നു വീഴുകയായിരുന്നു എന്നായിരുന്നു ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ പ്രതികരിച്ചത്. ‘ബാബറി തകര്‍ത്തവകരെ വെറുതെ വിടുന്ന ഹിന്ദുരാഷ്ട്രത്തില്‍ നീതി നശിച്ചില്ലാതാകുന്നു’ എന്നാണ് ഫേസ്ബുക്കില്‍ ഡോക്യുമെന്ററി സംവിധായകനായ ആനന്ദ് പട്‌വര്‍ധന്‍ എഴുതിയത്.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.
28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക