| Monday, 15th December 2014, 12:03 pm

ബാബരി മസ്ജിദ് ധ്വംസനം: ഹിന്ദു ഐക്യത്തിന്റെ കാഴ്ചയെന്ന് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബീഹാര്‍: 1992ലെ ബാബരി മസ്ജിദ് ധ്വംസനം രാജ്യത്തെ ഹിന്ദു സമൂഹം ഐക്യപ്പെട്ടതിന്റെ ഫലമാണെന്ന് ബി.ജെ.പി യുടെ ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥ്. ബീഹാറിലെ വൈശാലിയില്‍ നടക്കുന്ന സന്ന്യാസിമാരുടെ സമ്മേളനത്തിലാണ് എം.പിയുടെ പുതിയ വിവാദ പ്രസ്താവന. മുന്‍ കാലങ്ങളില്‍ മറ്റ് മതങ്ങളിലേക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുക്കള്‍ തിരിച്ച് വരുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടരുതെന്നും യു.പിയില്‍ നടക്കുന്ന “ഘര്‍ വാപസി” പരിപാടികളെ പരാമര്‍ശിച്ച് കൊണ്ട് ആദിത്യനാഥ് പറഞ്ഞു.

നളന്ദ സര്‍വകലാശാല നശിപ്പിക്കപ്പെട്ടത് സന്ന്യസിമാരുടെ ഐക്യമില്ലായ്മ കാരണമാണെന്നും  15 ലക്ഷത്തോളം വരുന്ന സന്ന്യാസിമാര്‍ രാജ്യത്തെ 6.23 ലക്ഷം വരുന്ന ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയാല്‍ പാതിരിമാര്‍ക്കും, മൗലവിമാര്‍ക്കും രാജ്യത്തെ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ കഴിയുകയില്ലെന്നും എം.പി പറഞ്ഞു

നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കാരണം നിലവില്‍ പാര്‍ലമെന്റിലും പുറത്തും ബി.ജെ.പി കനത്ത വിമര്‍ശന ശരങ്ങള്‍ ഏറ്റു വാങ്ങുന്ന സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്റെ പുതിയ പരാമര്‍ശം. നേരത്തെ സാക്ഷി മഹാരാജ്, സാധ്വി നിരജ്ഞന്‍ ജ്യോതി എന്നിവരുടെ പരാമര്‍ശങ്ങളുടെ പേരില്‍ പാര്‍ലമെന്റ് സമ്മേളനമടക്കം മുടങ്ങിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more