|

'ആദ്യം വിരാടിനെ പോലെയാവ്, എന്നിട്ട് മതി ക്യാപ്റ്റനാവുന്നത് എന്നടക്കം ബാബറിനോട് പറഞ്ഞിരുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിട്ടും കപ്പുയര്‍ത്താന്‍ കഴിയാതെ വന്നതോടെ വന്‍തോതിലുള്ള വിമര്‍ശനമായിരുന്നു പാക് നായകന്‍ ബാബര്‍ അസമിന് നേരെ ഉയര്‍ന്നത്. ടൂര്‍ണമെന്റില്‍ താരത്തിന്റെ മോശം ബാറ്റിങ്ങും ക്യാപ്റ്റന്‍സിയിലെ ചെറിയ പോരായ്മകളും സജീവമായി തന്നെ ചര്‍ച്ചയായിരുന്നു.

2020ല്‍ ക്യാപ്റ്റനായതിന് ശേഷം ബാബറിനെ സംബന്ധിച്ച് ഏറ്റവും മോശം ഔട്ടിങ്ങാണ് 2022 ഏഷ്യാ കപ്പില്‍ ഉണ്ടായത്. ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇതിഹാസ താരങ്ങളായ ഷോയ്ബ് അക്തര്‍, ഇന്‍സമാം ഉള്‍ ഹഖ്, മോയിന്‍ ഖാന്‍, ജാവേദ് മിയാന്‍ദാദ് എന്നിവരടക്കമുള്ളവര്‍ ആ സമയത്ത് രംഗത്തുവന്നിരുന്നു.

ഇത്തരത്തിലെ എതിര്‍പ്പുകളെല്ലാം മറികടന്നുകൊണ്ടായിരുന്നു സര്‍ഫറാസ് ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിയോഗിച്ചത്. അന്ന് സര്‍ഫറാസിന്റെ തീരുമാനത്തെ വിമര്‍ശിച്ചവരില്‍ പ്രധാനിയായിരുന്നു പാകിസ്ഥാന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കമ്രാന്‍ അക്മല്‍.

ബാബര്‍ തീരെ ചെറുപ്പമാണെന്നും അവന്‍ ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമായിരുന്നു കമ്രാന്‍ പറഞ്ഞിരുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമ്രാന്‍ അക്മല്‍ ആ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്.

‘ഫൈസലാബാദില്‍ നടക്കുന്ന ഒരു ടി-20 മത്സരത്തില്‍ ടോസിനായി ബാബര്‍ ചെല്ലുമ്പോഴാണ് അവനെ ക്യാപ്റ്റനാക്കിയ വിവരം ഞാന്‍ അറിയുന്നത്. ക്യാപ്റ്റനാവാനുള്ള ശരിയായ സമയം ഇതല്ലെന്ന് ഞാന്‍ അവനോട് അന്ന് പറഞ്ഞിരുന്നു.

അടുത്ത രണ്ട് മൂന്ന് വര്‍ഷം മികച്ച പ്രകടനം പുറത്തെടുക്കുക, ബാറ്റിങ് നിങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ആദ്യം വിരാട് കോഹ്‌ലിയുടെ ലെവലില്‍ സ്റ്റീവ് സ്മിത്തിന്റെ ലെവലില്‍ എത്തണം. അപ്പോഴേക്കും നിങ്ങള്‍ 35-40 സെഞ്ച്വറി നേടുകയും ക്യാപ്റ്റന്‍സി ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യുമായിരുന്നു എന്നായിരുന്നു ഞാന്‍ അന്നവനോട് പറഞ്ഞത്.

എന്നാല്‍ അത് അവന്റെ തീരുമാനമായിരുന്നു. അവനുമായി അടുപ്പമുള്ളവര്‍ അവനോട് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഉപദേശിച്ചിരുന്നിരിക്കണം,’ കമ്രാന്‍ പറയുന്നു.

ഈ വര്‍ഷമാണ് താരം പാകിസ്ഥാന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായത്. പാകിസ്ഥാന് 29 ടി-20 വിജയങ്ങള്‍ സമ്മാനിച്ച് പാകിസ്ഥാന്റെ ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാവാനും ബാബറിന് സാധിച്ചിരുന്നു.

ക്യാപ്റ്റനായി തുടരുമ്പോഴും ബാറ്റിങ്ങില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലെ മികച്ച ബാറ്റര്‍മാരുടെ ഐ.സി.സി റാങ്കിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബാബര്‍ ഉണ്ട്.

എന്നാല്‍ ഏഷ്യാ കപ്പിലെ പരാജയത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നത് പാകിസ്ഥാന് ദോഷം മാത്രമാണ് വരുത്തിവെക്കുക എന്നും കമ്രാന്‍ പറയുന്നു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ കമ്രാന്‍ ഏറെ പക്വത പ്രാപിച്ചുവെന്നും എന്നാല്‍ ഇനിയും ക്യാപ്റ്റന്‍സി മികച്ചതാക്കണമെന്നും അക്മല്‍ പറയുന്നു.

അതേസമയം, ടി-20 ലോകകപ്പിനുള്ള ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ബാബര്‍ അസമിനെ നായകനാക്കിയും ഷദാബ് ഖാനെ ഉപനായകനാക്കിയുമാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഏഷ്യാ കപ്പില്‍ കൈവിട്ടത് തിരിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കാനൊരുങ്ങുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാന്‍ ഷാ അഫ്രിദി. മസൂദ്, ഉസ്മാന്‍ ഖാദിര്‍.

കരുതല്‍ താരങ്ങള്‍
ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷഹനവാസ് ദഹാനി

Content Highlight: Babar was told that he should first become like Virat and then become a captain, Says Kamran Akmal