ഏഷ്യന്‍ ഗെയിംസില്‍ കംബോഡിയയെ തകര്‍ത്ത് ഹോങ് കോങ്. വെള്ളിയാഴ്ച ZJUT സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഹോങ് കോങ് കംബോഡിയയെ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ ടോസ് നേടിയ ഹോങ് കോങ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഉദയ് ഹതിഞ്ജറിനെ ആദ്യ ഓവറില്‍ തന്നെ കംബോഡിയക്ക് നഷ്ടമായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു താരത്തിന്റെ മടക്കം.
മൂന്നാം നമ്പറില്‍ ഇറങ്ങിയ ലക്ഷിത് ഗുപ്തയെ ഒരറ്റത്ത് നിര്‍ത്തിയ രണ്ടാം ഓപ്പണറായ റാം റൗഷന്‍ ശരണ്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു. മറുവശത്ത് നിന്ന് ലക്ഷിത്തിന്റെ കാര്യമായ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിലും റാം പൊരുതി.
ടീം സ്‌കോര്‍ 40ല്‍ നില്‍ക്കവെ 12 പന്തില്‍ നിന്നും നാല് റണ്‍സുമായി ലക്ഷിത് പുറത്തായി. അതേ ഓവറില്‍ തന്നെ റാം ശരണിനെയും കംബോഡിയക്ക് നഷ്ടമായി. 34 പന്തില്‍ നിന്നും 27 റണ്‍സാണ് താരം നേടിയത്.
ഓപ്പണര്‍ ലുഖ്മാന്‍ ഭട്ട് മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. 21 പന്തില്‍ നിന്നും 17 റണ്‍സ് നേടി ക്യാപ്റ്റനും പുറത്തായി. ബാക്കിയുള്ള കംബോഡിയന്‍ താരങ്ങളെല്ലാം തന്നെ ഒറ്റയക്കത്തിനും കൂടാരം കയറി. 11 റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലും ലഭിച്ചതോടെ കംബോഡിയ 18.2 ഓവറില്‍ 70 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
ഹോങ് കോങ്ങിനായി നസ്‌റുള്ള റാണ നാല് വിക്കറ്റ് നേടിയപ്പോള്‍ അനസ് ഖാനും മുഹമ്മദ് ഘസന്‍ഫാറും രണ്ട് വിക്കറ്റ് വീതവും നേടി. ആയുഷ് ശുക്ല, എഹ്‌സാന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയതോടെയാണ് കംബോഡിയ തകര്‍ന്നുവീണത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ് കോങ്ങിന് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഖാന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.
മൂന്നാമനായി ബാബര്‍ ഹയാത്ത് എത്തിയതോടെ കളി ഹോങ് കോങ്ങിന്റെ കയ്യിലായി. ബാബര്‍ 12 പന്തില്‍ നിന്നും 40 റണ്‍സ് നേടി. അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 333.33 റണ്‍ റേറ്റിലാണ് ബാബര്‍ റണ്ണടിച്ചുകൂട്ടിയത്.
ഒരുവശത്ത് ബാബര്‍ അടിച്ചുതകര്‍ക്കുമ്പോള്‍ മറുവശത്ത് നിന്ന് ക്യാപ്റ്റന്‍ നിസാഖത് ഖാനും വെറുതെ നിന്നല്ല. ആറ് ബൗണ്ടറിയും ഒറു സിക്‌സറും ഉള്‍പ്പെടെ 21 പന്തില്‍ 34 റണ്‍സും നേടി പുറത്താകാതെ നിന്നു.
ഒടുവില്‍ 85 പന്തും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ ഹോങ് കോങ് വിജയം സ്വന്തമാക്കുകയായിരുന്നു.
ഒക്ടോബര്‍ ഒന്നിനാണ് ഹോങ് കോങ്ങിന്റെ അടുത്ത ഗ്രൂപ്പ് ഘട്ട മത്സരം. ജപ്പാനാണ് എതിരാളികള്‍.
Content Highlight: Babar Hayat’s brilliant bating in Asian Games