ഹോങ്കോങ്-നേപ്പാള്‍ ഏക ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഹോങ്കോങ്ങിന് 73 റണ്‍സിന്റെ വിജയം.
മത്സരത്തില്‍ ഹോങ്കോങ്ങിനായി തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ബാബര്‍ ഹയാത്ത് നടത്തിയത്. 49 പന്തില്‍ 110 വെടിക്കെട്ട് ഇന്നിങ്‌സ്. മൂന്ന് ഫോറുകളും 13 കൂറ്റന്‍ സിക്‌സുകളുമാണ് ബാബര്‍ നേടിയത്. 224.49 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളാണ് ബാബര്‍ ഹയാത്ത് സ്വന്തമാക്കിയത്. ഏകദിന പദവി ലഭിക്കാത്ത ഒരു ടീമിലെ താരം ഏകദിന പദവിയുള്ള ഒരു ടീമിനെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് കാനഡ താരം ആരോണ്‍ ജോണ്‍സണ്‍ ആയിരുന്നു. 2022ല്‍ നടന്ന മത്സരത്തില്‍ പുറത്താവാതെ 109 റണ്‍സ് നേടി കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
ഇതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബാബര്‍ സ്വന്തമാക്കി. നേപ്പാളിനെതിരെ ടി-20യില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം, ഒരു ടീം ഉയര്‍ത്തിയ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്നീ നേട്ടങ്ങളാണ് ഹോങ്കോങ് താരം സ്വന്തമാക്കിയത്.
ബാബറിന്റെ സെഞ്ച്വറി കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹോങ്കോങ് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. നേപ്പാള്‍ ബൗളിങ്ങില്‍ ആകാശ് ചന്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 16.4 ഓവറില്‍ 139 റണ്‍സിന് പുറത്താവുകയായിരുന്നു. ഹോങ്കോങ് ബൗളിങ്ങില്‍ ഐസാസ് ഖാന്‍ നാല് വിക്കറ്റും ഇഹ്‌സാന്‍ ഖാന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ നേപ്പാള്‍ ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.
Content Highlight: Babar Hayat great performance against Nepal in T20