അങ്ങനെ പവനായി ശവമായി; വിരാടിനോട് മുട്ടാന്‍ ആയിട്ടില്ല ബാബറെ!
ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരം അരങ്ങേറിക്കൊണ്ടിരിക്കുയാണ്. ഇന്ത്യ ഉയര്‍ത്തിയ 357 എന്ന കൂറ്റന്‍ ടാര്‍ഗറ്റ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന് പതറുന്ന കാഴ്ചയാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്. നിലിവില്‍ മഴ കാരണം നിര്‍ത്തിയിരിക്കുന്ന മത്സരത്തില്‍ 11 ഓവര്‍ പിന്നിട്ടപ്പോള്‍ 44 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായിരിക്കുകയാണ് പാകിസ്ഥാന്.
ഓപ്പണിങ് ബാറ്റര്‍ ഇമാം ഉള്‍ ഹഖ്, ക്യാപ്റ്റന്‍ ബാബര്‍ അസം എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. ഇമാമിനെ ബുംറ ഗില്ലിന്റെ കയ്യിലെത്തിച്ചപ്പോള്‍ ബാബറിനെ ഹര്‍ദിക് പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ പാക് ബാക്ക്ഫൂട്ടിലായിരിക്കുകയാണ്.
ഇന്ത്യന്‍ ഇതിഹാസ താരം വിരാട് കോഹ് ലിയുമായി നിരന്തരം താരതമ്യപ്പെടുത്തുന്ന താരമാണ് പാക് നായകന്‍ ബാബര്‍ അസം. വിരാടിനേക്കാള്‍ ഭേദമാണ് ബാബറെന്ന് വാദിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാല്‍ ഇരുവരും നേരിട്ട് ഏറ്റുമുട്ടുമ്പോഴെല്ലാം വിരാട് പാകിസ്ഥാനെ പഞ്ഞിക്കിടാറുണ്ട് എന്നാല്‍ ബാബറിന് തിരിച്ച് അത് പലപ്പോഴും സാധിക്കാറില്ല.
ഇന്നത്തെ മത്സരത്തിലും വിരാട് തകര്‍ത്ത് കളിച്ചപ്പോള്‍ ബാബര്‍ ഒന്നും ചെയ്യാനാകാതെ പുറത്താകുകയാണ്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ അത് ബാബറിനെ വിമര്‍ശിക്കാന്‍ മറ്റൊരു കാരണമാകും.
അതേസമയം മഴ കളിച്ച് റിസര്‍വ് ഡേയിലേക്ക് നീണ്ട മത്സരത്തില്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യക്കായി വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും സെഞ്ച്വറി നേടിയപ്പോള്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും അര്‍ധസെഞ്ച്വറി സ്വന്തമാക്കി.
94 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുമടക്കമാണ് വിരാട് തന്റെ ഇന്നിങ്‌സ് കെട്ടിപൊക്കിയത്. മധ്യ ഓവറുകള്‍ ആക്രമിച്ച് കളിച്ച രാഹുലിന്റെ ഇന്നിങ്‌സില്‍ 12 ഫോറും രണ്ട് സിക്‌സറുമുണ്ടായിരുന്നു. 147ന് രണ്ട് എന്ന നിലിയിലായിരുന്നു ഇന്നത്തെ മത്സരം ആരംഭിച്ചത്. മധ്യ ഓവറുകളില്‍ രാഹുല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് നങ്കൂരമിട്ട് ബാറ്റ് വീശി. എന്നാല്‍ അവസാന ഓവറുകളില്‍ വിരാട് തനിരൂപം പുറത്തെടുക്കുകയായിരുന്നു.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പാകിസ്ഥാന്‍ ബൗളര്‍മാരെ നേരിടാന്‍ സാധിക്കില്ല എന്ന വാദം ഇതോടെ പൊളിച്ചടുക്കി കയ്യില്‍ കൊടുക്കുകയാണ് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍.
Content Highlight: Babar Azam yet Again failed In India Vs pakistan Game