| Thursday, 28th September 2023, 12:39 pm

ആളുകളുടെ സ്‌നേഹവും പിന്തുണയും കണ്ട് സന്തോഷമടക്കാന്‍ സാധിക്കുന്നില്ല; ഹൈദരാബാദിലെത്തിയതിന് പിന്നാലെ ബാബര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ സന്നാഹ മത്സരങ്ങള്‍ക്കായാണ് പാകിസ്ഥാന്‍ ലോകകപ്പിന് ഒരാഴ്ച മുമ്പ് ഇന്ത്യയിലെത്തിയത്.

ലാഹോറില്‍ നിന്നും നേരിട്ട് ഫ്‌ളൈറ്റില്ലാത്തതിനാല്‍ ദുബായില്‍ നിന്നുമാണ് ഇന്ത്യ ഹൈദരാബാദിലെത്തിയത്. ഇതിന് മുമ്പ് 2016ലാണ് പാകിസ്ഥാന്‍ ഇന്ത്യയിലെത്തിയത്.

ഹൈദരാബാദിലെത്തിയതിന് പിന്നാലെ ഊഷ്മളമായ സ്വീകരണമാണ് പാകിസ്ഥാന്‍ ടീമിന് ലഭിച്ചത്. ബാബറിനെയും സംഘത്തെയും കാണാനായി വിമാനത്താവളത്തില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു.

ആളുകളുടെ ഈ സ്‌നേഹം കണ്ട ബാബര്‍ പോലും അമ്പരന്നിരുന്നു. ഈ സ്‌നേഹവും പിന്തുണയും കണ്ട് താന്‍ ഏറെ സന്തോഷവാനായി എന്നാണ് ബാബര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ബാബറിന് പുറമെ മുഹമ്മദ് റിസ്വാനും സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇന്ത്യയിലെത്തിയ അനുഭവം പങ്കുവെച്ചിരുന്നു.

ഒക്ടോബര്‍ മൂന്നിനാണ് പാകിസ്ഥാന്‍ ആദ്യ സന്നാഹ മത്സരം കളിക്കുന്നത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസീസാണ് എതിരാളികള്‍. ഒക്ടോബര്‍ ആറിനാണ് പാകിസ്ഥാന്‍ അടുത്ത മത്സരം കളിക്കുക. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

ഒക്ടോബര്‍ പത്തിനാണ് ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ മത്സരം കളിക്കുന്നത്. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് എതിരാളിള്‍.

ഒക്ടോബര്‍ 14നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദി.

പാകിസ്ഥാന്റെ ലോകകപ്പ് സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, സല്‍മാന്‍ അലി ആഘ, മുഹമ്മദ് നവാസ്, ഒസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രിദി, മുഹമ്മദ് വസീം ജൂനിയര്‍.

ട്രാവലിങ് റിസര്‍വ്സ്

മുഹമ്മദ് ഹാരിസ്, അബ്രാര്‍ അഹമ്മദ്, സമാന്‍ ഖാന്‍.

Content highlight:  Babar Azam was surprised by the warm reception of the Indian fans

We use cookies to give you the best possible experience. Learn more