ഇതെങ്ങനെ സഹിക്കും, ടീമിന് ചരിത്ര വിജയവും ക്യാപ്റ്റന് നാണക്കേടും
Sports News
ഇതെങ്ങനെ സഹിക്കും, ടീമിന് ചരിത്ര വിജയവും ക്യാപ്റ്റന് നാണക്കേടും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 23rd August 2023, 2:42 pm

ഏഷ്യ കപ്പിന് മുമ്പുള്ള ബൈലാറ്ററല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ് പാകിസ്ഥാന്‍ വിജയം കുറിച്ചിരിക്കുകയാണ്. മഹീന്ദ രാജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 142 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് 201 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ എതിരാളികളെ കേവലം 59 റണ്‍സിന് ഓള്‍ ഔട്ടാക്കിയുമാണ് പാകിസ്ഥാന്‍ വിജയം നേടിയത്.

മത്സരത്തില്‍ പാക് ബാറ്റര്‍മാര്‍ക്ക് വേണ്ട വിധം തിളങ്ങാന്‍ സാധിച്ചില്ല. ഇമാം ഉള്‍ ഹഖിന്റെ അര്‍ധ സെഞ്ച്വറിയാണ് പാകിസ്ഥാനെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

ഓപ്പണര്‍ ഫഖര്‍ സമാന്‍ രണ്ട് റണ്‍സിന് പുറത്തായപ്പോള്‍ നേരിട്ട മൂന്നാം പന്തില്‍ പൂജ്യത്തിനാണ് ക്യാപ്റ്റന്‍ ബാബര്‍ അസം പുറത്തായത്. മുജീബ് ഉര്‍ റഹ്‌മാന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ബാബര്‍ മടങ്ങിയത്.

ഈ ബ്രോണ്‍സ് ഡക്കിന് ശേഷം ഒരു മോശം റെക്കോഡും ബാബറിനെ തേടിയെത്തിയിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന പാക് നായകന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്തിയാണ് ബാബര്‍ മോശം റെക്കോഡിന് ഉടമയായത്.

ഇത് നാലാം തവണയാണ് ബാബര്‍ ഏകദിനത്തില്‍ പൂജ്യത്തിന് പുറത്താകുന്നത്, നായകനായിരിക്കെ രണ്ടാം തവണയും.

പാക് ലെജന്‍ഡ് വസീം അക്രമാണ് പട്ടികയിലെ ഒന്നാമന്‍. എട്ട് തവണയാണ് താരം ക്യാപ്റ്റനായിരിക്കെ പൂജ്യത്തിന് തിരിച്ചുനടന്നത്. മോയിന്‍ ഖാനും ഇന്‍സമാം ഉള്‍ ഹഖും ക്യാപ്റ്റനായിരിക്കെ നാല് തവണ ഡക്കായി പുറത്തായവരാണ്.

ക്യാപ്റ്റനായിരിക്കെ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ പാക് താരങ്ങള്‍

വസീം അക്രം – 8

മോയിന്‍ ഖാന്‍ – 4

ഇന്‍സമാം ഉള്‍ ഹഖ് – 4

മിസ്ബ ഉള്‍ ഹഖ് – 3

ബാബര്‍ അസം – 2

ഇമ്രാന്‍ ഖാന്‍ – 2

ജാവേദ് മിയാന്‍ദാദ് – 2

അസര്‍ അലി – 2

യൂനിസ് ഖാന്‍ – 2

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ബാബറും ഫഖറും പരാജയമായപ്പോള്‍ ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ തങ്ങളുടെ സംഭാവനകള്‍ നല്‍കിയപ്പോള്‍ പാകിസ്ഥാന്‍ 47.1 ഓവറില്‍ 201ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ നിലം തൊടീക്കാത്ത പാക് പേസര്‍മാര്‍ മടക്കിയയച്ചു. ഷഹീന്‍ അഫ്രിദി രണ്ട് വിക്കറ്റും നസീം ഷാ ഒരു വിക്കറ്റും വീഴ്ത്തി തുടങ്ങിയപ്പോള്‍ പിന്നാലെയെത്തിയ ഹാരിസ് റൗഫും കത്തിക്കയറി.

രണ്ട് മെയ്ഡന്‍ അടക്കം 6.2 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇവര്‍ക്ക് പുറമെ ഷദാബ് ഖാനും ഒരു വിക്കറ്റ് നേടി.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ 1-0ന്റെ ലീഡ് നേടിയിരിക്കുകായണ്. ഓഗസ്റ്റ് 24നാണ് പരമ്പരയിലെ അടുത്ത മത്സരം. മഹീന്ദ രാജപക്‌സെ സ്റ്റേഡിയം തന്നെയാണ് വേദി.

 

 

Content Highlight: Babar Azam was dismissed for zero for the second time as captain