|

വീഡിയോ; മുമ്പില്‍ നിന്ന് മാറെടാ.. ഇല്ലേല്‍ അടിച്ചോടിക്കും; ബാറ്റ് വീശി സ്‌റ്റേഡിയത്തെ മുഴുവന്‍ ചിരിപ്പിച്ച് ബാബര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പെഷവാര്‍ സാല്‍മി – ഇസ്‌ലമാബാദ് യുണൈറ്റഡ് മത്സരത്തിലെ രസകരമായ ഒരു മുഹൂര്‍ത്തമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച. സിംഗിളോടുമ്പോള്‍ തടസമായി നിന്ന ബൗളര്‍ക്ക് നേരെ ബാറ്റ് വീശിക്കൊണ്ട് ഓടിയടുത്ത പാക് നായകന്‍ ബാബര്‍ അസമിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പെഷവാര്‍ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം. ഹസന്‍ അലിക്കെതിരെ ഷോട്ട് കളിച്ച ബാബര്‍ ഒരു സിംഗിളിന് ശ്രമിച്ചു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് ഓടുന്നതിനിടെയാണ് മുമ്പില്‍ തടസമായി നില്‍ക്കുന്ന ഹസന്‍ അലിയെ ബാബര്‍ കാണുന്നത്.

സംഗിളിനിടെ ബാറ്റ് ഉയര്‍ത്തി ഹസന്‍ അലിയെ അടിക്കാനോങ്ങുന്ന പോലെയായിരുന്നു ശേഷം ബാബര്‍ ഓടിയത്. പാക് നായകന്റെ വരവ് അത്ര പന്തിയെല്ലെന്ന് മനസിലാക്കിയ ഹസന്‍ പെട്ടെന്ന് തന്നെ വഴി മാറിക്കൊടുക്കുകയും താരം സിംഗിള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.

ബാബറിന്റെ ഈ പ്രവര്‍ത്തി കണ്ട കമന്റേറ്റര്‍മാരും സ്റ്റേഡിയത്തിലുള്ളവരും പൊട്ടിച്ചിരിക്കുകയായിരുന്നു. സിംഗിളിന് ശേഷം ബാബറും ഹസന്‍ അലിയും പരസ്പരം സംസാരിക്കുകയും ചെയ്തിരുന്നു.

മത്സരത്തില്‍ ബാബര്‍ 58 പന്തില്‍ നിന്നും പുറത്താവാതെ 75 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഏഴ് ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു ബാബറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പെഷവാര്‍ സാല്‍മി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ബാബറിന് പുറമെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് മാത്രമായിരുന്നു ബാറ്റിങ്ങില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. 21 പന്തില്‍ നിന്നും 40 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പെഷവാര്‍ നിരയില്‍ ബാറ്റിങ്ങിനിറങ്ങിയ ഏഴ് താരങ്ങള്‍ ഒറ്റയക്കത്തിന് പുറത്തായിരുന്നു. ഇസ്‌ലമാബാദിനായി ഹസന്‍ അലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ടോം കറന്‍ ഒഴികെ മറ്റുള്ളവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യുണൈറ്റഡ് ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസിന്റെയും മൂന്നാമന്‍ റാസി വാന്‍ ഡെര്‍ ഡസന്റെയും വെടിക്കെട്ടില്‍ 31 പന്ത് ബാക്കി നില്‍ക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു. ഗുര്‍ബാസാണ് കളിയിലെ താരം.

നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം തോല്‍വിയും ജയവുമായി നാല് പോയിന്റാണ് സാല്‍മിക്കുള്ളത്. ഫെബ്രുവരി 26നാണ് സാല്‍മിയുടെ അടുത്ത മത്സരം. ലാഹോര്‍ ഖലന്‌ടേഴ്‌സാണ് എതിരാളികള്‍.

Content Highlight: Babar Azam tries to hit Hasan Ali with bat, video goes viral