| Monday, 3rd June 2024, 8:19 am

ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ സമ്മർദം മറികടക്കാൻ അതാണ് ചെയ്യേണ്ടത്: ബാബർ അസം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ജൂണ്‍ ഒമ്പതിന് നസാവു ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ ഈ മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. പി. സി. ബി പോഡ്കാസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു.

‘ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മത്സരമാണിത്. ഈ മത്സരം കളിക്കുമ്പോള്‍ എല്ലാ താരങ്ങള്‍ക്കും വ്യത്യസ്ത ആവേശമാണ് ലഭിക്കുന്നത്. എല്ലാവരും അവരുടെ സ്വന്തം രാജ്യത്തെ പിന്തുണയ്ക്കുന്നു. അതുകൊണ്ടുതന്നെ മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മത്സരത്തില്‍ ഒരുപാട് ദുര്‍ബലതകള്‍ ഉണ്ടായിരിക്കും പക്ഷേ നമ്മള്‍ ടീമിന്റെ ശക്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച ക്രിക്കറ്റ് കളിക്കുകയും ആണ് ചെയ്യേണ്ടത്. ഇത് വളരെയധികം പ്രഷര്‍ നല്‍കുന്ന ഒരു മത്സരമാണ് എത്രത്തോളം ശാന്തമായി കളിക്കാന്‍ സാധിക്കുന്നുവോ അത്രത്തോളം നമുക്കത് ഗുണം ചെയ്യും,’ ബാബര്‍ അസം പറഞ്ഞു.

അതേസമയം ലോകകപ്പിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള നാല് ടി-20 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ബാബറും കൂട്ടരും പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവവെക്കാന്‍ തന്നെയായിരിക്കും ബാബറിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ലക്ഷ്യം വെക്കുക. ജൂണ്‍ ആറിന് അമേരിക്കക്കെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം.

അതേസമയം മറുഭാഗത്ത് ലോകകപ്പിനു മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായാണ് രോഹിത് ശര്‍മയും സംഘവും ലോകകപ്പിലേക്ക് ചുവടുവെക്കുന്നത്.

2007നു ശേഷം ടി-20 ലോക കിരീടം ഇന്ത്യന്‍ മണ്ണിലെത്തിക്കാന്‍ ആയിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്. ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് രോഹിത്തിന്റെയും കൂട്ടരുടെയും ആദ്യ മത്സരം.

Content Highlight: Babar Azam talks about India vs Pakistan Match

We use cookies to give you the best possible experience. Learn more