ക്രിക്കറ്റ് ലോകത്തെ നിലവിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ബാബറിന് സാധിക്കാറുണ്ട്. കുറച്ചുനാള്‍ മുമ്പ് വരെ വിരാട് എന്തായിരുന്നുവോ അതാണ് ഇപ്പോള്‍ ബാബര്‍.
വെറുതെ ‘ഫണ്ണിന്’ വേണ്ടി സെഞ്ച്വറി അടിക്കുന്നതാണ് ബാബറിന്റെ നിലവിലെ പരിപാടി. മൂന്ന് വര്‍ഷം മുമ്പ് വരെ വിരാട് ചെയ്തതും ഇത് തന്നെയായിരുന്നു. ക്രിക്കറ്റില്‍ ഒരു റെക്കോഡും ശാശ്വതമല്ല. വിരാട് ഒരു കാലത്ത് പൊളിച്ചെഴുതിയ പല റെക്കോഡുകളും ഇന്ന് ബാബര്‍ മാറ്റിക്കുറിക്കുകയാണ്.
വിരാടായിരുന്നു ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നട്ടെല്ലെങ്കില്‍ പാകിസ്ഥാന് അത് ബാബറാണ്. നായകനായതിന് ശേഷം കരിയറിന്റെ മികച്ച ഫോമിലേക്കാണ് ഇരുവരും കുതിച്ചത്.
ഇരുവരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000ത്തിന് മുകളില്‍ റണ്‍സ് നേടിയ താരങ്ങളാണ്. ഏഷ്യന്‍ താരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടിയ താരം വിരാടായിരുന്നു. എന്നാല്‍ വിരാടിന്റെ ആ റെക്കോഡ് മറികട
ന്നിരിക്കുകയാണ് ബാബര്‍.
വിരാട് 232 ഇന്നിങ്‌സില്‍ 10,000 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ബാബര്‍ തന്റെ 228ാം ഇന്നിങ്‌സില്‍ ഈ റെക്കോഡ് സ്വന്തമാക്കി. ഇപ്പോള്‍ നടക്കുന്ന പാകിസ്ഥാന്‍-ശ്രീലങ്ക ടെസ്റ്റിലാണ് ബാബര്‍ ആ നേട്ടം കൈവരിച്ചത്.
ഏറ്റവും വേഗം ഈ നേട്ടം കൈവരിച്ചവരില്‍ അഞ്ചാം സ്ഥാനത്താണ് ബാബര്‍. ബൗളര്‍മാരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്ത് പതിയ റണ്‍സ് കണ്ടെത്തുന്ന കാലത്ത് ക്രിക്കറ്റിന്റെ ചട്ടകൂടുകളെ മാറ്റിമറിച്ച് ബൗളര്‍മാരെ ഭയമില്ലാതെ പ്രഹരിച്ച വെസ്റ്റ് ഇന്‍ഡീസിന്റെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഈ ലിസ്റ്റില്‍ ഒന്നാമന്‍. വെറും 206 ഇന്നിങ്‌സില്‍ നിന്നുമാണ് അദ്ദേഹം 10,000 റണ്‍സ് സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയുടെ മോഡേണ്‍ ഡേ ലെജന്‍ഡായ ഹാഷിം അംലയാണ് രണ്ടാം സ്ഥാനത്ത്. വെസ്റ്റ് ഇന്‍ഡീസിന്റെ എക്കാലത്തെയും മികച്ച കളിക്കാരനായ ബ്രയാന്‍ ലാറയാണ് മൂന്നാം സ്ഥാനത്ത്. കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ടാണ് നാലാം സ്ഥാനത്ത്.
മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റര്‍ കുക്കിന്റെ അഞ്ചാം സ്ഥാനമാണ് ബാബര്‍ സ്വന്തമാക്കിയത്. ഇതോടെ വിരാട് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഏഷ്യന്‍ താരങ്ങളില്‍ ബാബറാണ് ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് കരസ്ഥമാക്കിയത്. വിരാടിന്റെ റെക്കോഡാണ് ബാബര്‍ ഇവിടെ തകര്‍ത്തത്. ആ ലിസ്റ്റ് ഇന്ത്യന്‍ താരങ്ങളാണ് അടക്കി ഭരിക്കുന്നത്. വിരാട് രണ്ടാം സ്ഥാനത്തായപ്പോള്‍ മൂന്നാം സ്ഥാനത്ത് ഒരു കാലത്ത് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായ സുനില്‍ ഗവാസ്‌കറാണ്.
നാലാം സ്ഥാനത്ത് ജാവേദ് മിയാന്‍ദാദും അഞ്ചാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റ തലവര തന്നെ മാറ്റിവെച്ച നായകനായ സൗരവ് ഗാഗുലിയുമാണ്.
നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ബാബറാണ് എന്ന് പറയാന്‍ സാധിക്കും. ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മയും രാഹുലുമൊക്കെ ഉണ്ടെങ്കിലും ഇന്ത്യന്‍ ടീമിന്റെ മുഖം എന്ന് പറയുന്നത് വിരാട് തന്നെയാണ്. അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തിയാല്‍ തീര്‍ച്ചയായും മികച്ചയൊരു കോമ്പിറ്റീഷന്‍ തന്നെ വിരാട്-ബാബര്‍ യുഗത്തില്‍ കാണാന്‍ സാധിക്കും.