| Wednesday, 15th November 2023, 8:17 pm

ചോരയ്ക്കായി ദാഹിച്ചവര്‍ തന്നെ വിജയിച്ചു; പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ബാബര്‍ യുഗത്തിന് അന്ത്യം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയ ബാബര്‍ അസം. ലോകകപ്പില്‍ പാകിസ്ഥാന്‍ നോക്ക് ഔട്ട് സ്‌റ്റേജില്‍ പ്രവേശിക്കാന്‍ സാധിക്കാതെ പുറത്തായതോടെയാണ് ബാബര്‍ എല്ലാ ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിടിയിറങ്ങിയത്.

എക്‌സിലൂടെയാണ് താന്‍ സ്ഥാനമൊഴിയുന്നതായി ബാബര്‍ പ്രഖ്യാപിച്ചത്.

‘2019ല്‍ പാകിസ്ഥാനെ നയിക്കാന്‍ പി.സി.ബി ആവശ്യപ്പെട്ട ആ നിമിഷം നിമിഷം ഞാന്‍ വ്യക്തമായി ഇന്നും ഓര്‍ക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി മൈതാനത്തിനകത്തും പുറത്തും നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാന്റെ പാരമ്പര്യവും ചരിത്രവും ഉയര്‍ത്താന്‍ വേണ്ടിയാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിരുന്നത്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തിയത് താരങ്ങളുടെയും പരിശീലകരുടെയും മാനേജ്‌മെന്റിന്റെയും എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.

പാകിസ്ഥാന്‍ ആരാധകരുടെ അചഞ്ചലമായ പിന്തുണയ്ക്ക് ഈ അവസരത്തില്‍ എന്റെ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

ഇന്ന്, ഞാന്‍ എല്ലാ ഫോര്‍മാറ്റുകളിലും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്, പക്ഷേ ഈ തീരുമാനമെടുക്കാനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നുന്നു,’ സോഷ്യല്‍ മീഡിയയില്‍ ബാബര്‍ പങ്കുവെച്ച കുറിപ്പില്‍ പുറയുന്നു.

‘മൂന്ന് ഫോര്‍മാറ്റിലും ഒരു താരം എന്ന നിലയില്‍ പാകിസ്ഥാനെ പ്രതിനിധീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ എക്‌സ്പീരിയന്‍സ് കൊണ്ടും ഡെഡിക്കേഷന്‍ കൊണ്ടും പുതിയ നായകന് പിന്തുണയുമായി ഞാനെന്നും ഇവിടെയുണ്ടാകും.

മഹത്തരമായ ഈ ചുമതല എന്നെ വിശ്വസിച്ച് ഏല്‍പിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഈ അവസരത്തില്‍ ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. പാകിസ്ഥാന്‍ സിന്ദാബാദ്,’ ബാബര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ പാകിസ്ഥാന്‍ പരാജയങ്ങളേറ്റുവാങ്ങുമ്പോള്‍ തന്നെ ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ മുറവിളികള്‍ ഉയര്‍ന്നിരുന്നു. മുന്‍ പാക് താരങ്ങളടക്കം ബാബറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

പാകിസ്ഥാന്റെ ലോകകപ്പ് പരാജയത്തിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നും ഇന്‍സമാം ഉള്‍ ഹഖ് നേരത്തെ പടിയിറങ്ങിയതിന് പിന്നാലെയാണ് പി.സി.ബി സെലക്ഷന്‍ ബോര്‍ഡിനെയും വെട്ടി നിരത്തിയത്.

ഇതിന് പിന്നാലെ ബാബറിനെയും പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബാബറിന് ശഷം ഇനിയാര് എന്ന ചോദ്യമാണ് പാക് ആരാധകരുടെ മനസിലുള്ളത്. നിലവിലെ വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാനാണാ സാധ്യത കല്‍പിക്കുന്നത്.

ഇതിന് പുറമെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിക്കും നറുക്ക് വീണേക്കും. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്തേഴ്‌സിനെ രണ്ട് തവണ ചാമ്പ്യന്‍മാരാക്കിയതാണ് പാക് സ്പീഡ്സ്റ്ററിന്റെ നേട്ടം.

Content highlight: Babar Azam steps down from Pakistan’s captain

We use cookies to give you the best possible experience. Learn more