മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും വലിയ താരമാണ് വിരാട് കോഹ്‌ലി . എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഫോം ഔട്ടും അതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളും താരത്തെ വല്ലാതെ വേട്ടയാടുന്നുണ്ട്.
താരത്തിനെ വിമര്‍ശിക്കുന്നവരും അതുപോലെ സപ്പോര്‍ട്ട് ചെയ്യുന്നവരും ധാരാളമുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിന് ശേഷമാണ് ബാബര്‍ വിരാടിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. മത്സരത്തില്‍ വെറും 16 റണ്‍സെടുത്ത് വിരാട് മടങ്ങിയിരുന്നു.
ഈ സമയവും കടന്നുപോകും എന്ന പ്രശസ്ത വരികളാണ് താരം വിരാടുമായുള്ള ഫോട്ടോയുടെ കൂടെ കുറിച്ചത്. ഇതിനോടകം ട്വിറ്ററില്‍ ഇത് ട്രന്‍ഡിങ് ആയിട്ടുണ്ട്.
ഏതൊരു നല്ല സമയത്തിനും ചീത്ത നേരത്തിനും സമയ പരിധിയുണ്ടെന്നും ആ സമയം കടന്നുപോകുമെന്നും ആ വരികളില്‍ കാണാം. അതോടൊപ്പം വിരാടിനോട് സ്‌ട്രോങ്ങായിട്ട് നില്‍ക്കാനും അദ്ദേഹം പറയുന്നുണ്ട്.
വിരാടിന്റെയും ബാബറിന്റെയും ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ എന്നും വാക്‌പോരുകളുണ്ടാകാറുണ്ട്. എന്നാല്‍ ഇരുവരും പരസ്പരം ഏറ്റവും ബഹുമാനിക്കുന്ന താരങ്ങളാണ്. ഏറ്റവും നല്ല ടാലന്റുകള്‍ തമ്മില്‍ അംഗീകരിക്കുമ്പോള്‍ ഇവിടെ ക്രിക്കറ്റ് എന്ന ഗെയ്മാണ് വിജയിക്കുന്നത്.
This too shall pass. Stay strong. #ViratKohli pic.twitter.com/ozr7BFFgXt
— Babar Azam (@babarazam258) July 14, 2022
പ്രകടനത്തിന്റെ കാര്യത്തില്‍ വിരാടിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒരാളായി ബാബറിനെ കണക്കാക്കുന്നു എന്നത് ശ്രദ്ധേയമാണ്. ബാബര്‍ നിലവില്‍ തന്റെ ഫോമിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുന്നതാണ് ബാബറിന്റെ ഇപ്പോഴത്തെ ഹോബി.
വിരാട് കോഹ്ലി മുന്‍ കാലങ്ങളില്‍ ചെയ്തുകൊണ്ടിരുന്നത് ഇതായിരുന്നു. റണ്ണിന്റെയും സെഞ്ചുറിയുടെയും കാര്യത്തില്‍ വിരാട് ബാബറിനേക്കാള്‍ മൈലുകള്‍ മുന്നിലാണ്. എങ്കിലും ബാബര്‍ ക്രിക്കറ്റിലെ അടുത്ത വലിയ താരമായി വളര്‍ന്നുകൊണ്ടിരിക്കുന്നു.
വിരാടിന്റെ കരിയറില്‍ ഒരു മോശം സമയമാണെന്നും അദ്ദേഹം അത് മറികടന്ന് തിരിച്ചുവരുമെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍പോലും അദ്ദേഹത്തിന്റെ ഫോമൗട്ട് ആഘോഷമാക്കുകയാണ് മീഡിയാക്കാരും, പല മുന്‍ താരങ്ങളും. അദ്ദേഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടുന്ന റീച്ച് ഇന്ത്യയിലെ അല്ലെങ്കില്‍ മറ്റേത് രാജ്യത്തെ താരങ്ങളെ വിമര്‍ശിച്ചാലും ലഭിക്കില്ല എന്ന ബോധം ഈ വിമര്‍ശിക്കുന്ന എല്ലാവര്‍ക്കുമുണ്ട്.
Content Highlights: Babar Azam sent message to Virat Kohli