ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെ തച്ചുതകര്‍ത്ത് പാകിസ്ഥാന്‍. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഇഫ്തിഖര്‍ അഹമ്മദിന്റെയും സെഞ്ച്വറി കരുത്തിലാണ് പാകിസ്ഥാന്‍ പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.
131 പന്തില്‍ നിന്നും 14 ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 151 റണ്‍സാണ് ബാബര്‍ നേടിയത്. 115.27 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്. ഏകദിനത്തില്‍ ബാബറിന്റെ 19ാം സെഞ്ച്വറിയും ഏഷ്യാ കപ്പില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയുമാണിത്.
ബാബറിന് പുറമെ 71 പന്തില്‍ നിനന്നും പുറത്താകാതെ 109 റണ്‍സ് നേടിയ ഇഫ്തിഖര്‍ അഹമ്മദാണ് പാക് സ്‌കോറിങ്ങില്‍ നിര്‍ണായമായത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ നിരവധി റെക്കോഡുകളും ബാബറിനെ തേടിയെത്തിയിരുന്നു. ഏറ്റവും കുറവ് ഇന്നിങ്‌സില്‍ 19 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് ഇതില്‍ പ്രധാനം. 102ാം ഏകദിനത്തിലാണ് പാക് നായകന്‍ 19ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പ്രോട്ടീസ് ലെജന്‍ഡ് ഹാഷിം അംല, മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എന്നിവരെയടക്കം മറികടന്നുകൊണ്ടാണ് ബാബര്‍ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 19 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)
(താരം – രാജ്യം – 19 സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കളിച്ച മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
1. ബാബര്‍ അസം – പാകിസ്ഥാന്‍ – 102
2. ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 104
3. വിരാട് കോഹ്‌ലി – ഇന്ത്യ – 124
4. ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 139
5. എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 171
6. രോഹിത് ശര്‍മ – ഇന്ത്യ – 181
7. ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 189
ഇതിന് പുറമെ മറ്റ് നേട്ടങ്ങളും ബാബറിനെ തേടിയെത്തിയിരിക്കുകയാണ് പാകിസ്ഥാനായി ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ രണ്ടമത് താരം എന്ന റെക്കോഡും ദേശീയ ടീമിനായി ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ച്വറി നേടിയ നാലാമത് താരം എന്ന റെക്കോഡുമാണ് ബാബര്‍ തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.
പാകിസ്ഥാനായി ഏറ്റവുമധികം അന്താരാഷ്ട്ര ഏകദിന സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – മാച്ച് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
1. സഈദ് അന്‍വര്‍ – 247 – 20
2. ബാബര്‍ അസം – 104 – 19
3. മുഹമ്മദ് യൂസുഫ് – 281 – 15
4. മുഹമ്മദ് ഹഫീസ് – 218 – 11
5. ഫഖര്‍ സമാന്‍ – 74- 10
6. ഇജാസ് അഹമ്മദ് – 250 – 10
7. ഇന്‍സമാം ഉള്‍ ഹഖ് – 375 – 10
പാകിസ്ഥാനായി ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ച്വറി നേടിയ താരങ്ങള്‍
(താരം – മാച്ച് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
1. യൂനിസ് ഖാന്‍ – 408 – 41
2. മുഹമ്മദ് യൂസുഫ് – 381 – 39
3. മുഹമ്മദ് ഉള്‍ ഹഖ് – 499 – 35
4. ബാബര്‍ അസം – 257 – 31
5. സഈദ് അന്‍വര്‍ – 302 – 31
6. ജാവേദ് മിയാന്‍ദാദ് – 357 – 31
7. അസര്‍ അലി – 150 – 22
അതേസമയം, പാകിസ്ഥാന്‍ ഉയര്‍ത്തിയ 343 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ നേപ്പാള്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 47ന് മൂന്ന് എന്ന നിലയിലാണ്. കുശാല്‍ ഭര്‍ട്ടല്‍ (നാല് പന്തില്‍ എട്ട്), ആസിഫ് ഷെയ്ഖ് (അഞ്ച് പന്തില്‍ അഞ്ച്), ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (ഒരു പന്തില്‍ പൂജ്യം) എന്നിവരാണ് പുറത്തായത്. പാകിസ്ഥാനായി ഷഹീന്‍ അഫ്രിദി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷാ ഒരു വിക്കറ്റും നേടി.
Content Highlight: Babar Azam scripted several records after 19th ODI century