11 വര്‍ഷത്തിന് ശേഷം ആദ്യം, എന്നിട്ടും വിരാടിനെ മറികടക്കാനായില്ല; യഥാര്‍ത്ഥ കിങ് കോഹ്‌ലി മാത്രം
Asia Cup
11 വര്‍ഷത്തിന് ശേഷം ആദ്യം, എന്നിട്ടും വിരാടിനെ മറികടക്കാനായില്ല; യഥാര്‍ത്ഥ കിങ് കോഹ്‌ലി മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th August 2023, 9:45 pm

ഏഷ്യാ കപ്പ് 2023ലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് പാക് നായകന്‍ ബാബര്‍ അസം കയ്യടി നേടുന്നത്. നേപ്പാളിനെതിരായ മത്സരത്തില്‍ 131 പന്തില്‍ നിന്നും 151 റണ്‍സാണ് ബാബര്‍ നേടിയത്. പാക് നായകന് പുറമെ സൂപ്പര്‍ താരം ഇഫ്തിഖര്‍ അഹമ്മദും സെഞ്ച്വറി നേടിയിരുന്നു. 71 പന്തില്‍ നിന്നും പുറത്താകാതെ 109 റണ്‍സാണ് ഇഫ്തിഖര്‍ സ്വന്തമാക്കിത്.

ഇരുവരുടെയും സെഞ്ച്വറിക്ക് പുറമെ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് നേടിയത്. ബാബറിന്റെ 19ാം ഏകദിന സെഞ്ച്വറിയും ഇഫ്തിഖര്‍ അഹമ്മദിന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയുമാണ് നേപ്പാളിനെതിരെ പിറന്നത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡും ബാബര്‍ സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ വേഗത്തില്‍ 19 സെഞ്ച്വറി നേടിയ താരം, പാകിസ്ഥാനായി ഏറ്റവുമധികം ഏകദിന സെഞ്ച്വറി നേടിയ രണ്ടാമത് താരം, പാകിസ്ഥാനായി ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ച്വറി നേടിയ നാലാമത് താരം എന്നിങ്ങനെ റെക്കോഡുകള്‍ നിരവധിയാണ്.

ഇതിന് പുറമെ ഒരു ഏഷ്യാ കപ്പ് റെക്കോഡും ബാബര്‍ നേടിയിരുന്നു. ഏഷ്യാ കപ്പില്‍ ഒരു ഇന്നിങ്‌സില്‍ 150 റണ്‍സോ അതിലധികമോ നേടുന്ന രണ്ടാമത് ബാറ്റര്‍ എന്ന റെക്കോഡാണ് ബാബര്‍ സ്വന്തമാക്കിയത്. ഏഷ്യാ കപ്പിലെ രണ്ടാമത് വലിയ വ്യക്തിഗത സ്‌കോറും ഇതാണ്. 2012ല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഈ നേട്ടം കൈവരിച്ചതിന് ശേഷം 11 വര്‍ഷത്തിനിപ്പുറമാണ് മറ്റാരെങ്കിലും ഈ റെക്കോഡ് സ്വന്തമാക്കുന്നത്.

ഏഷ്യാ കപ്പിലെ ഏറ്റവുമുയര്‍ന്ന ഇന്‍ഡിവിജ്വല്‍ സ്‌കോറിന്റെ റെക്കോഡും വിരാട് കോഹ്‌ലിയുടെ പേരിലാണ്. 2012ല്‍ പാകിസ്ഥാനെതിരെ നേടിയ 183 റണ്‍സാണ് റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുള്ളത്. വിരാടിന്റെ കരിയറിലെ ഏറ്റവും മികച്ച ഏകദിന സ്‌കോറും ഇതുതന്നെയാണ്.

അന്ന് ബംഗ്ലാദേശിലെ മിര്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസിന്റെയും നാസിര്‍ ജംഷേദിന്റെയും സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റിന് 329 റണ്‍സാണ് നേടിയത്. ഹഫീസ് 113 പന്തില്‍ 105 റണ്‍സ് നേടിയപ്പോള്‍ ജംഷേദ് 102 പന്തില്‍ 112 റണ്‍സും നേടി പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ ഒന്നില്‍ നില്‍ക്കവെ ഗൗതം ഗംഭീര്‍ സില്‍വര്‍ ഡക്കായി പുറത്താവുകയായിരുന്നു. എന്നാല്‍ വണ്‍ ഡൗണായി വിരാട് എത്തിയതോടെ കളി ഇന്ത്യയുടെ വശത്തായി.

148 പന്തില്‍ 22 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 183 റണ്‍സാണ് വിരാട് നേടിയത്. വിരാടിന് പുറമെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (48 പന്തില്‍ 52), രോഹിത് ശര്‍മ (83 പന്തില്‍ 62) എന്നിവരുടെ ഇന്നിങ്‌സുമായപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റും 13 പന്തും കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

അതേസമയം, പാകിസ്ഥാന്‍ ഉയര്‍ത്തിയ 343 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ നേപ്പാളിന് അഞ്ചാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 46 പന്തില്‍ 28 റണ്‍സ് നേടിയ സോംപല്‍ കാമിയുടെ വിക്കറ്റാണ് നേപ്പാളിന് അവസാനമായി നഷ്ടമായത്.

നിലവില്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ നേപ്പാള്‍ 86ന് അഞ്ച് എന്ന നിലയിലാണ്. 14 പന്തില്‍ 11 റണ്‍സുമായി ഗുല്‍സന്‍ ഝായും ആറ് പന്തില്‍ ഒരു റണ്‍സുമായി ദീപേന്ദ്ര സിങ് ഐറിയമാണ് ക്രീസില്‍.

 

Content Highlight: Babar Azam scored second-highest individual score in Asia Cup, Virat Kohli tops the list