ഒന്നല്ല രണ്ടല്ല മൂന്നല്ല തുടര്‍ച്ചയായി ആറ് സിക്‌സറടിച്ച് ബാബര്‍ അസം, പക്ഷേ കണക്കില്‍ കൂട്ടൂല; അസമിന്റെ ഫോമില്‍ ആരാധകര്‍ ആവേശത്തില്‍
Sports News
ഒന്നല്ല രണ്ടല്ല മൂന്നല്ല തുടര്‍ച്ചയായി ആറ് സിക്‌സറടിച്ച് ബാബര്‍ അസം, പക്ഷേ കണക്കില്‍ കൂട്ടൂല; അസമിന്റെ ഫോമില്‍ ആരാധകര്‍ ആവേശത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th February 2023, 4:01 pm

പാകിസ്ഥാനില്‍ ക്രിക്കറ്റ് മാമാങ്കത്തിന് തിരികൊളുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിച്ചിരിക്കുകയാണ്. പി.എസ്.എല്‍ 2023ലെ ആദ്യ മത്സരം തന്നെ അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. ലാഹോര്‍ ഖലന്തേഴ്‌സും മുള്‍ട്ടാന്‍ സുല്‍ത്താനും തമ്മില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറിന്റെ അവസാന പന്തില്‍ മുള്‍ട്ടാനിനെ ഒരു റണ്ണിന് തോല്‍പിച്ചായിരുന്നു ഖലന്തേഴ്‌സ് പി.എസ്.എല്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്.

ഈ ലാസ്റ്റ് ബോള്‍ ത്രില്ലിങ് മത്സരത്തേക്കാള്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്നത് പാക് നായകന്‍ ബാബര്‍ അസമിന്റെ മിന്നും ഫോം തന്നെയാണ്. പി.എസ്.എല്ലില്‍ പെഷവാര്‍ സാല്‍മിയുടെ നായകന്‍ കൂടിയായ ബാബറിന്റെ പ്രാക്ടീസ് സെഷനിലെ ബാറ്റിങ്ങാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

പ്രാക്ടീസ് സെഷനില്‍ വെടിക്കെട്ട് നടത്തിയാണ് ബാബര്‍ തന്റെ ഫോമിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചത്. ഒമ്പത് സിക്‌സറുകളാണ് ബാബര്‍ ട്രെയ്‌നിങ് സെഷനിടെ പറത്തിയത്. ഇതില്‍ തുടര്‍ച്ചയായ ആറ് സിക്‌സറുകളും ഉള്‍പ്പെടും.

പെഷവാര്‍ സാല്‍മിക്കൊപ്പം പുതിയ ഇന്നിങ്‌സിനായാണ് ബാബര്‍ ബാറ്റേന്തുന്നത്. 2016ല്‍ ഇസ്‌ലമാബാദ് യുണൈറ്റഡിനൊപ്പം പി.എസ്.എല്‍ കരിയര്‍ ആരംഭിച്ച ബാബര്‍ 2017 മുതല്‍ കറാച്ചി കിങ്‌സിന് വേണ്ടിയായിരുന്നു കളിച്ചത്.

പി.എസ്.എല്‍ 2023ലെ ആദ്യ മത്സരത്തില്‍ തന്റെ പഴയ ടീമായ കറാച്ചി കിങ്‌സിനെതിരെ തന്നെയായിരുന്നു ബാബര്‍ ബാറ്റേന്തിയത്. പ്രാക്ടീസ് സെഷനിലെ ഫോം താരം മത്സരത്തിലും പ്രകടമാക്കിയിരുന്നു.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കറാച്ചിയെ ഞെട്ടിച്ചുകൊണ്ട് ബാബര്‍ ആക്രമിച്ചുകളിച്ചു. സഹതാരങ്ങളെ നഷ്ടപ്പെട്ടെങ്കിലും ബാബര്‍ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ പത്ത് റണ്‍സിനും വണ്‍ ഡൗണ്‍ ബാറ്റര്‍ സാം അയ്യൂബിനെ ഒറ്റ റണ്‍സിനും നഷ്ടപ്പെട്ടപ്പോഴും പതറാതെ നാലാം നമ്പര്‍ താരം ടോം കോലറെ കൂട്ടുപിടിച്ച് ബാബര്‍ റണ്‍ ഉയര്‍ത്തി.

16ാം റണ്‍സില്‍ ക്രീസിലെത്തിയ ഇരുവരും പിരിയുന്നത് സാല്‍മി സ്‌കോര്‍ 155ല്‍ നില്‍ക്കവെയാണ്. 46 പന്തില്‍ നിന്നും 68 റണ്‍സുമായി ബാബറിനെ പുറത്താക്കി ഇമ്രാന്‍ താഹിറാണ് കൂട്ടുകെട്ട് പൊളിച്ചത്.

ബാബര്‍ പുറത്തായെങ്കിലും കോലര്‍ ആക്രമണത്തിന് ഒരു കുറവും വരുത്തിയില്ല. 50 പന്തില്‍ നിന്നും 98 റണ്‍സ് നേടിയാണ് താരം പുറത്തായത്. അവസാന ഓവറിന്റെ നാലാം പന്തിലായിരുന്നു ബെന്‍ കട്ടിങ് കോലറിനെ മടക്കിയത്.

ബാബര്‍-കോലര്‍ കൂട്ടുകെട്ടില്‍ സാല്‍മി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി.

200 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ കറാച്ചി കിങ്‌സിന് തുടക്കത്തിലേ അടി പതറിയിരുന്നു. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ ഷര്‍ജില്‍ ഖാനെ ഗോള്‍ഡന്‍ ഡക്കാക്കിക്കൊണ്ട് വഹാബ് റിയാസ് തുടങ്ങി. തുടര്‍ന്നും വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ടീം സ്‌കോര്‍ 50ലെത്തും മുമ്പ് തന്നെ നാല് കറാച്ചി മുന്‍നിര വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു.

എന്നാല്‍ അഞ്ചാമന്‍ ഷോയ്ബ് മാലിക്കും ആറാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ ഇമാദ് വസീമും ചേര്‍ന്ന് കിങ്‌സിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചു. മാലിക് 34 പന്തില്‍ നിന്നും 52 റണ്‍സ് നേടി പുറത്തായെങ്കിലും പിന്നാലെയെത്തിയ ബെന്‍ കട്ടിങ്ങിനൊപ്പം ചേര്‍ന്ന് അവസാന നിമിഷം വസീം നടത്തിയ രക്ഷാപ്രവര്‍ത്തനം വിലപ്പോയില്ല.

ഒടുവില്‍ 20 ഓവറില്‍ 197 റണ്‍സിന് കറാച്ചി കിങ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഇതോടെ രണ്ട് റണ്‍സിന് ബാബറും സംഘവും വിജയത്തോടെ പി.എസ്.എല്‍ 2023 തുടങ്ങി. 47 പന്തില്‍ നിന്നും പുറത്താവാതെ 80 റണ്‍സാണ് ഇമാദ് വസീം സ്വന്തമാക്കിയത്.

ഫെബ്രുവരി 17നാണ് സാല്‍മിയുടെ അടുത്ത മത്സരം. മുള്‍ട്ടാന്‍ സുല്‍ത്താനാണ് എതിരാളികള്‍.

 

Content Highlight: Babar Azam scored 9 sixes in practice session