| Sunday, 10th September 2023, 9:33 pm

മിണ്ടാണ്ട് അവിടെ നിന്നോ; ഹാരിസ് റൗഫിനെ വഴക്ക് പറഞ്ഞ് ബാബര്‍; ചിരിയടക്കാനാകാതെ രാഹുല്‍: വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരം മഴ കാരണം മുടങ്ങി. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ ഇന്ന് നടന്നതിന്റെ ബാക്കിയായി നാളെ മത്സരം നടക്കും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ സ്‌കോര്‍ 24.1 ഓവറില്‍ 147/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ എത്തിയത്.

മികച്ച തുടക്കമാണ് ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മയും യുവ സൂപ്പര്‍താരം ശുഭ്മന്‍ ഗില്ലും നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഇരുവരും അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് കളം വിട്ടത്.

49 പന്തില്‍ ആറ് ഫോറും നാല് സിക്‌സറുമടിച്ച് 56 റണ്‍സാണ് രോഹിത് നേടിയത്. ആദ്യ സ്‌പെല്ലില്‍ നസീം ഷാക്കെതിരെ ഒന്ന് പതറിയെങ്കിലും പിന്നീട് രോഹിത് കത്തികയറുകയായിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഗില്‍ 52 പന്തില്‍ 58 റണ്‍സ് നേടി പുറത്തായി. 10 ഫോറാണ് ഗില്ലിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. പാക് പേസ് കുന്തമുനയായ ഷഹീന്‍ അഫ്രിദിയെ താരം കണക്കിന് പ്രഹരിച്ചിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പാകിസ്ഥാനൊരു റിവ്യു നഷ്ടമായിരുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റിനായി കീപ്പര്‍ മുഹമ്മദ് റിസ് വാന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു പാകിസ്ഥാന് റിവ്യു നഷ്ടമായത്. എന്നാല്‍ അതിന് ശേഷം ക്യാപ്റ്റന്‍ ബാബര്‍ റിവ്യുവിന്റെ കാര്യത്തില്‍ അതീവ സൂക്ഷ്മത പാലിച്ചിരുന്നു.

ഒരു അവസരത്തില്‍ താരം പാക് ബൗളര്‍ ഹാരിസ് റൗഫിനെ വഴക്ക് പറയുന്നത് ശ്രദ്ധ നേടിയിരുന്നു. കെ.എല്‍. രാഹുലിനെതിരെ എല്‍.ബി.ഡബ്ല്യുവിനായി അപ്പീല്‍ ചെയ്തതിന് ശേഷം റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ചതിനാണ് ബാബര്‍ റൗഫിനെ വഴക്ക് പറഞ്ഞത്.

മത്സരത്തിന്റെ 24ാം ഓവറിലെ അഞ്ചാം പന്ത് രാഹുലിന്റെ തുടയിലായിരുന്നു തട്ടിയത്. ഇതിനായി റൗഫ് വളരെ ആവേശത്തില്‍ അപ്പീല്‍ ചെയ്യുകയും പിന്നീട് റൗഫ് അസമിനെ റിവ്യു എടുക്കാനായി നിര്‍ബന്ധിക്കുകയായിരുന്നു താരം. എന്നാല്‍ ബാബര്‍ ഇതിന് വഴങ്ങാതെ റൗഫിനെ വഴക്ക് പറയുകയായിരുന്നു. റൗഫിന്റെ കോണ്‍ഫിഡന്‍സ് കണ്ട് ടീം മേറ്റ്‌സും രാഹുലും ചിരിക്കുന്നത് കാണാം.

മഴ എത്തുമ്പോള്‍ എട്ട് റണ്‍സുമായി വിരാട് കോഹ്‌ലിയും 17 റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍. പാകിസ്ഥാനായി ഷദാബ് ഖാനും ഷഹീന്‍ അഫ്രിദിയും ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Babar Azam Scolds Haris Rauf

We use cookies to give you the best possible experience. Learn more