ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഗ്രൂപ്പ് സ്റ്റേജില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മഴ മൂലം മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷം മഴ എത്തുകയും മത്സരം മുടങ്ങുകയുമായിരുന്നു.
സൂപ്പര്‍ ഫോര്‍ മത്സരം നടക്കുന്ന കൊളംബോയിലും മഴക്കുള്ള സാധ്യത കല്‍പ്പിച്ചിരുന്നുവെങ്കിലും നിലവില്‍ അവിടെ വെയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇനി അഥവാ മത്സരം മുടങ്ങിയാലും മത്സരം പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ഡേ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 10 ഞായറാഴ്ചയാണ് മത്സരം അരങ്ങേറുക.
ഇപ്പോഴിതാ മത്സരത്തിന് മുമ്പ് ഇന്ത്യയേക്കാള്‍ മുന്‍തൂക്കം തങ്ങള്‍ക്കാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ആദ്യ മത്സരത്തില്‍ പാക് പേസ് പടക്ക് മുന്നില്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പതറയിരുന്നു.
ശ്രീലങ്കന്‍ കണ്ടീഷന്‍സ് കൂടുതല്‍ സുപരിചിതം പാകിസ്ഥാനാണെന്നും കഴിഞ്ഞ കുറച്ചുനാളായി പാകിസ്ഥാന്‍ ഇവിടെ കളിക്കുകയാണെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് അഡ്വന്റേജെന്ന് വിശ്വസിക്കുന്നതെന്ന് ബാബര്‍ പറയുന്നു.
പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഞങ്ങള്‍ തുടര്‍ച്ചയായി കളിക്കുന്ന ക്രിക്കറ്റ് കണക്കിലെടുക്കുമ്പോള്‍, ഞങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ മുന്‍തൂക്കമുണ്ടെന്ന് നിങ്ങള്‍ക്ക് പറയാം. കഴിഞ്ഞ രണ്ട് മാസമായി ഞങ്ങള്‍ ഇവിടെ ശ്രീലങ്കയില്‍ കളിക്കുന്നു. ഞങ്ങള്‍ ടെസ്റ്റ് കളിച്ചു, അഫ്ഗാനിസ്ഥാനെതിരെ ഒരു പരമ്പര കളിച്ചു, പിന്നെ എല്‍.പി.എല്ലും കളിച്ചു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു അഡ്വേന്റേജുണ്ടെന്ന് പറയാം,’ മത്സരത്തിന് മുന്നേയുള്ള പ്രസന്റേഷനില്‍ ബാബര്‍ പറഞ്ഞു.
ബംഗ്ലാദേശിനെതിരെയുള്ള സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം വിജയിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങുന്നത്. ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരമാണ് പാകിസ്ഥാനെതിനെതിരെ നടക്കുക. ഗ്രൂപ്പ് സ്റ്റേജില്‍ നേപ്പാളിനെ തോല്‍പിച്ചാണ് ഇരു ടീമുകളും സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് യോഗ്യത നേടിയത്.
Content Highlight: Babar Azam Says Pakistan has Upper Hand Over India In Super Four