നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള പാകിസ്ഥാന്‍ താരങ്ങളിലൊരാളാണ് ബാബര്‍ അസം. നായകനായത് മുതല്‍ പാക് ക്രിക്കറ്റ് ടീമിനെ മുന്നേറ്റത്തിന്റെ പാതയില്‍ നയിക്കുകയാണ് ബാബര്‍. എന്നാല്‍ ടി-20 വേള്‍ഡ് കപ്പ് അടുത്തിരിക്കുന്ന സമയത്ത് ബാബറിന്റെ ക്യാപ്റ്റന്‍സിയിലും സംശയങ്ങളുള്ളവരുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിന് ശേഷം നടന്ന പ്രസ് മീറ്റിലും ബാബറിന്റെ ക്യാപ്റ്റന്‍സിക്ക് മേല്‍ ചോദ്യമുയര്‍ന്നിരുന്നു. ഉരുളക്കുപ്പേരി പോലെയാണ് ബാബര്‍ ചോദ്യത്തിന് മറുപടി നല്‍കിയത്.
‘നിങ്ങളിതെന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. ഞങ്ങള്‍ നന്നായി പെര്‍ഫോം ചെയ്താലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഇതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. ടീമിന്റെ ആത്മവിശ്വാസവും ഐക്യവും നിലനിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ഞങ്ങളുടെ 100 ശതമാനവും കൊടുത്ത് ജയിക്കാന്‍ നോക്കാറുണ്ട്. ചില സമയത്ത് പ്രതീക്ഷിച്ച അത്ര എത്താനാവില്ലായിരിക്കും. എന്നാല്‍ എങ്ങനെയൊക്കെ കൂടുതല്‍ മെച്ചപ്പെടാനാവുമെന്ന് ചര്‍ച്ച ചെയ്യാറുണ്ട്,’ ബാബര്‍ പറഞ്ഞു.
അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 173 പന്തിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ പാക് പട മറികടക്കുകയായിരുന്നു. മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ചേര്‍ന്നുണ്ടാക്കിയ 101 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് പാക് വിജയത്തിന്റെ നട്ടെല്ലായത്.
Content Highlight: babar azam’s savage reply against a question regarding his captaincy