| Friday, 5th January 2024, 5:09 pm

ഇതെന്ത് പറ്റി... നാണക്കേടിന്റെ സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ബാബര്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് വിജയിക്കാന്‍ സാധിച്ചാല്‍ രണ്ട് പതിറ്റാണ്ടായി ഓസ്‌ട്രേലിയയോട് ജയിക്കാന്‍ സാധിച്ചില്ല എന്ന മോശം റെക്കോഡ് മറികടക്കാന്‍ പച്ചപ്പടയ്ക്ക് സാധിക്കും.

ഈ പരമ്പരയില്‍ പാക് ആരാധകരെ ഏറെ നിരാശരാക്കിയത് മുന്‍ പാക് നായകന്‍ ബാബര്‍ അസമായിരുന്നു. ഒരു ഇന്നിങ്‌സില്‍ പോലും ബാറ്റുകൊണ്ട് തിളങ്ങാന്‍ ബാബറിന് സാധിച്ചിരുന്നില്ല. ബാബറിന്റെ ഈ മോശം പ്രകടനം ടീമിന്റെ ടോട്ടല്‍ പെര്‍ഫോമന്‍സിനെയും സാരമായി ബാധിച്ചിരുന്നു.

ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 14 റണ്‍സും മാത്രമായിരുന്നു ബാബറിന്റെ സമ്പാദ്യം. ബോക്‌സിങ് ഡേ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഏഴ് പന്ത് നേരിട്ട് വെറും ഒരു റണ്‍സിന് മടങ്ങിയ ബാബര്‍ രണ്ടാം ഇന്നിങ്‌സില്‍ 41 റണ്‍സാണ് നേടിയത്.

സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ 26 റണ്‍സ് നേടിയ ബാബര്‍ രണ്ടാം ഇന്നിങ്‌സില്‍ 23 റണ്‍സും നേടി പുറത്തായി.

ആറ് ഇന്നിങ്‌സില്‍ നിന്നുമായി 21 എന്ന ശരാശരിയിലും 46.84 എന്ന സ്‌ട്രൈക്ക് റേറ്റിലും 126 റണ്‍സ് മാത്രമാണ് പാകിസ്ഥാന്റെ ഫ്യൂച്ചര്‍ ഹാള്‍ ഓഫ് ഫെയ്മറിന് നേടാന്‍ സാധിച്ചത്.

താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ഇത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ബാബര്‍ അസം നേടുന്ന രണ്ടാമത് മോശം സ്‌കോറാണിത്.

2016-17ലെ പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ബാബറിന്റെ കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനം പിറന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ബാബര്‍ അസമിന്റെ മോശം പ്രകടനങ്ങള്‍

(റണ്‍സ് – പര്യടനം – വര്‍ഷം എന്നീ ക്രമത്തില്‍)

68 – പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനം – 2016-17

126 – പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനം – 2023-24

136 – പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം – 2017

195 പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം – 2020

അതേസമയം, സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 82 റണ്‍സിന്റെ ലീഡാണ്. പാകിസ്ഥാന്റെ പക്കലുള്ളത്.

ആദ്യ ഇന്നിങ്‌സില്‍ മുഹമ്മദ് റിസ്വാന്‍, ആമിര്‍ ജമാല്‍, ആഘാ സല്‍മാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തില്‍ 313 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയക്ക് വേണ്ടി മാര്‍നസ് ലബുഷാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. എങ്കിലും 299 റണ്‍സ് മാത്രമാണ് ആദ്യ ഇന്നിങ്‌സില്‍ ആതിഥേയര്‍ക്ക് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് കൂട്ടത്തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. 58ന് രണ്ട് എന്ന നിലയില്‍ നിന്നും 67ന് ഏഴ് എന്ന നിലയിലേക്ക് വളരെ വേഗമാണ് പാകിസ്ഥാന്‍ വീണത്.

നിലവില്‍ 68 റണ്‍സിന് ഏഴ് എന്ന നിലയിലാണ് പാകിസ്ഥാന്‍ മൂന്നാം ദിനം അവസാനിപ്പിച്ചത്. 18 പന്തില്‍ ആറ് റണ്‍സുമായി മുഹമ്മദ് റിസ്വാനും മൂന്ന് പന്തില്‍ റണ്ണൊന്നും നേടാതെ ആമിര്‍ ജമാലുമാണ് ക്രീസില്‍.

Content highlight: Babar Azam’s poor performance against Australia

We use cookies to give you the best possible experience. Learn more