പാകിസ്ഥാന്റെ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം വീണ്ടും ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2023 ലോകകപ്പിന്റെ അവസാനത്തോടെ മൂന്ന് ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം താരത്തിന് രാജിവെക്കേണ്ടി വന്നിരുന്നു.
2023 ഐ.സി.സി ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെതുടര്‍ന്ന് ബാബറും സംഘവും ഏറെ പഴി കേള്‍ക്കേണ്ടി വന്നതിന് പുറമെയായിരുന്നു ബാബര്‍ രാജി വെച്ചത്.
എന്നാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍ സൈദ് മുഹസിന്‍ നഖ്‌വി ബാബറിനെ റീ അപ്പോയിന്‍മെന്റ് ചെയ്തിരിക്കുകയാണ്. വൈറ്റ് ബോളിലാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.
2024 ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സര പരമ്പരകളില്‍ 1 – 4 എന്ന നിലയില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ പാക് സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദിയെ ടി-20ഐ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സമാനമായ രീതിയില്‍ ഓസ്‌ട്രേലിയയോട് റെഡ് ബോളിലും ടീം വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.
ബാബറിന്റെ രാജിയോടെ പി.സി.ബി ഷാന്‍ മസൂദിനെയും ഷഹീന്‍ ഷാ അഫ്രീദിയെയുമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ട് വന്നത്. എന്നാല്‍ ക്യാപ്റ്റന്‍സിയിലെ അനുഭവക്കുറവ് പ്രകടമായതിനാല്‍ പാകിസ്ഥാന്‍ മത്സരങ്ങളില്‍ പരാജയപ്പെടുകയായിരുന്നു.
2019 ലാണ് ബാബര്‍ പാകിസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ബാബറിന്റെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ 24-ന് ദുബായില്‍ നടന്ന ടി20 ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി. കൂടാതെ പാകിസ്ഥാനെ ഫൈനലിലെത്തിക്കുകയും ചെയ്തു. 2022 ലെ ടി-20 ലോകകപ്പ്, 20 ടെസ്റ്റുകള്‍, 43 ഏകദിനങ്ങള്‍, 71 ടി-20കള്‍ എന്നിവയില്‍ പാകിസ്ഥാന്റെ ക്യാപ്റ്റനായിരുന്നു താരം. അതില്‍ അദ്ദേഹത്തിന് യഥാക്രമം 10 ടെസ്റ്റുകള്‍, 26 ഏകദിനങ്ങള്‍, 42 ടി-20 മത്സരങ്ങള്‍ എന്നിവയില്‍ വിജയിപ്പിക്കാന്‍ കഴിഞ്ഞു.
Content highlight: Babar Azam returned to the captaincy