പാകിസ്ഥാന്റെ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍സി സ്ഥാനം രാജിവെച്ച് സൂപ്പര്‍ താരം ബാബര്‍ അസം. കഴിഞ്ഞ ദിവസം രാത്രി വൈകി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ബാബര്‍ പാകിസ്ഥാന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍സി സ്ഥാനം രാജിവെക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ബാബറിന്റെ ബന്ധം വഷളായിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ ഒരു മുഴം നീട്ടിയെറിഞ്ഞിരിക്കുകയാണ് ബാബര്‍.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ താരം ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങിയിരുന്നു. ശേഷം ഷഹീന്‍ ഷാ അഫ്രിദിയാണ് താരത്തിന്റെ പിന്‍ഗാമിയായി എത്തിയത്. എന്നാല്‍ പി.സി.ബിക്ക് പുതിയ ചെയര്‍മാനെത്തിയതോടെ ബാബറിനെ വീണ്ടും തിരികെ വിളിക്കുകയായിരുന്നു.
Dear Fans,
I’m sharing some news with you today. I have decided to resign as captain of the Pakistan men’s cricket team, effective as of my notification to the PCB and Team Management last month.
It’s been an honour to lead this team, but it’s time for me to step down and focus…
‘ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം ഞാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും മാനേജ്‌മെന്റിനും നല്‍കിയ അറിയിപ്പ് പ്രകാരം ഞാന്‍ പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനം ഒഴിയുകയാണ്.
ഈ ടിമിനെ നയിക്കാന്‍ സാധിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ് ഒരു പ്ലെയര്‍ എന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്.
ക്യാപ്റ്റന്‍ എന്നത് വളരെ മികച്ച ഒരു എക്‌സ്പീരിയന്‍സായിരുന്നു, എന്നാല്‍ അതെന്റെ ജോലിഭാരം വര്‍ധിപ്പിച്ചു. എന്റെ പ്രകടനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാനും ബാറ്റിങ് ആസ്വദിക്കാനും കുടുംബത്തോടൊപ്പം ചെലവഴിക്കാനും ആഗ്രഹിക്കുന്നു,’ സോഷ്യല്‍ മീഡിയിയില്‍ പങ്കുവെച്ച കുറിപ്പില്‍ ബാബര്‍ പറയുന്നു.
ഇക്കാലമത്രയും തന്നെ പിന്തുണച്ച ആരാധകര്‍ക്കുള്ള നന്ദിയും താരം പോസ്റ്റില്‍ അറിയിക്കുന്നു.
അതേസമയം, ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള മുന്നൊരുക്കത്തിലാണ് പാകിസ്ഥാന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് പാകിസ്ഥാനില്‍ കളിക്കുക. ബംഗ്ലാദേശിനോട് സ്വന്തം തട്ടകത്തിലേറ്റുവാങ്ങിയ പരാജയത്തിന് ശേഷം പാകിസ്ഥാന്‍ കളിക്കുന്ന ആദ്യ പരമ്പരയാണിത്.
ഒക്ടോബര്‍ ഏഴിനാണ് ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനം ആരംഭിക്കുന്നത്. മുള്‍ട്ടാനിലാണ് പരമ്പരയിലെ ആദ്യ മത്സരം.
Content Highlight: Babar Azam resigns Pakistan’s white ball captaincy