അവന്‍ ചില്ലറക്കാരനല്ല, എന്നെ വീഴ്ത്തിയവന്‍ തന്നെയാണ് ഞങ്ങളെ നാണം കെടുത്തിയതും; ലങ്കന്‍ താരത്തെ പുകഴ്ത്തി ബാബര്‍ അസം
Sports News
അവന്‍ ചില്ലറക്കാരനല്ല, എന്നെ വീഴ്ത്തിയവന്‍ തന്നെയാണ് ഞങ്ങളെ നാണം കെടുത്തിയതും; ലങ്കന്‍ താരത്തെ പുകഴ്ത്തി ബാബര്‍ അസം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th July 2022, 10:21 am

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലങ്ക – പാകിസ്ഥാന്‍ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ആദ്യ ടെസ്റ്റില്‍ നേടിയ ആധികാരിക ജയം ആവര്‍ത്തിക്കാനെത്തിയ ബാബറിനെയും സംഘത്തെയും ശ്രീലങ്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു.

ശ്രീലങ്കയുടെ പുതിയ സ്പിന്‍ സെന്‍സേഷന്‍ പ്രഭാത് ജയസൂര്യയും രമേശ് മെന്‍ഡിസും ചേര്‍ന്നായിരുന്നു രണ്ടാം ഇന്നിങ്‌സില്‍ പാക് പടയുടെ നടുവൊടിച്ചത്. ജയസൂര്യ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മെന്‍ഡിസ് നാല് വിക്കറ്റും സ്വന്തമാക്കി.

ഇപ്പോഴിതാ, തങ്ങളെ തോല്‍പിച്ചത് പ്രഭാത് ജയസൂര്യയാണെന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം. ജയസൂര്യ മികച്ച താരമാണെന്നും അസാമാന്യ പ്രകടനമാണ് അവന്‍ പുറത്തെടുത്തത് എന്നുമായിരുന്നു അസം പറഞ്ഞത്.

‘തുടരെ തുടരെ ഞങ്ങളുടെ വിക്കറ്റ് വീഴുമ്പോള്‍ എല്ലാവരും ഒരു പോലെ സമ്മര്‍ദ്ദത്തിലായിരുന്നു. അതിന്റെ എല്ലാ ക്രെഡിറ്റും പോവുന്നത് പ്രഭാത് ജയസൂര്യക്കാണ്.

അസാമാന്യ പ്രകടനമായിരുന്നു അവന്‍ പുറത്തെടുത്തത്. അവന്‍ ക്ഷമയോടെ പന്തെറിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ അതാണ് വേണ്ടത്,’ പാക് നായകന്‍ പറഞ്ഞു.

രണ്ട് ടെസ്റ്റിലെ മൂന്ന് ഇന്നിങ്‌സിലും ബാബറിനെ വീഴ്ത്തിയത് ജയസൂര്യയായിരുന്നു.

ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ഒരു മിസ്റ്ററി ഡെലിവറിയിലൂടെയായിരുന്നു പ്രഭാത് ബാബറിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ ബാബറിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു പാകിസ്ഥാന് തുണയായതെങ്കില്‍ അതിന് അനുവദിക്കാതെ രണ്ടാം ഇന്നിങ്സില്‍ ജയസൂര്യ താരത്തെ മടക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ തന്നെ പ്രഭാത് ജയസൂര്യ ബാബറിനെ ഞെട്ടിച്ചിരുന്നു. കേവലം 16 റണ്‍സ് മാത്രമെടുത്ത് നില്‍ക്കവെയായിരുന്നു ജയസൂര്യ ബാബറിന് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ രണ്ടാം ഇന്നിങ്സില്‍ ബാബര്‍ ഉണര്‍ന്നുകളിച്ചപ്പോള്‍ അവിടെയും വില്ലനായത് ജയസൂര്യ തന്നെയായിരുന്നു. ചെറുത്തുനില്‍പിന് ശ്രമിച്ച ബാബറിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി പ്രഭാത് ഒരിക്കല്‍ക്കൂടി പാക് നായകനെ മടക്കി.

രണ്ടാം ഇന്നിങ്സില്‍ ബാബറിന്റേതടക്കം അഞ്ച് വിക്കറ്റായിരുന്നു പ്രഭാത് സ്വന്തമാക്കിയത്. പരമ്പരയിലെ നാല് ഇന്നിങ്സില്‍ നിന്നും സ്വന്തമാക്കിയതാവട്ടെ 17 വിക്കറ്റും. ഇതോടെ പരമ്പരയിലെ താരമാവാനും പ്രഭാതിനായി.

164.2-35-414-17 എന്നതായിരുന്നു പരമ്പരയില്‍ ജയസൂര്യയുടെ സ്റ്റാറ്റ്സ്. 2.51 എക്കോണമിയിലായിരുന്നു താരം പന്തെറിഞ്ഞത്.

 

ആദ്യ ടെസ്റ്റില്‍ മികച്ച വിജയം കൈപ്പിടിയിലൊതുക്കിയ പാകിസ്ഥാന്‍ 246 റണ്‍സിനായിരുന്നു രണ്ടാം ടെസ്റ്റില്‍ തോറ്റത്. 508 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ 261 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഇതോടെ രണ്ട് ടെസ്റ്റിന്റെ പരമ്പര 1-1ന് സമനിലയിലാക്കാനും ശ്രീലങ്കയ്ക്ക് സാധിച്ചു.

Content Highlight:  Babar Azam praises Sri Lankan Spinner Prabath Jayasuriya