| Sunday, 15th October 2023, 12:57 am

ഇതെല്ലാം കാരണം ഞങ്ങള്‍ തോറ്റു; തോല്‍വിക്ക് പിന്നാലെ ബാബര്‍ അസം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പില്‍ ഇന്ത്യയോട് ജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ദുഷ്‌പേര് മാറ്റിയെടുക്കാന്‍ ഇറങ്ങിത്തിരിച്ച പാകിസ്ഥാന് വീണ്ടും നിരാശപ്പെടേണ്ടി വരികയായിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി.

ഈ പരാജയത്തിന് പിന്നാലെ 8-0 എന്ന നിലയിലാണ് ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ ഹെഡ് ടു ഹെഡില്‍ ബാബറും സംഘവും തലകുനിച്ചുനിന്നത്.

മത്സരത്തില്‍ ടോസ് നേടിയ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് പാകിസ്ഥാന് വിനയായത്.

ഇന്ത്യയ്ക്കെതിരെ തോല്‍വി വഴങ്ങിയതിന് പിന്നാലെ തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം. മത്സരശേഷമായിരുന്നു ബാബര്‍ ടീമിന്റെ തോല്‍വിയെ കുറിച്ച് സംസാരിച്ചത്.

മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനായില്ലെന്നും തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതാണ് ടീമിന് വിനയായതെന്നും ബാബര്‍ പറഞ്ഞു.

‘ഇന്ന് ഇന്ത്യക്കെതിരെ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഞാനും റിസ്വാനും മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നു.

280 – 290 റണ്‍സിന് മുകളില്‍ നേടാന്‍ സാധിക്കുമെന്നാണ് കരുതിയത്. എന്നാല്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീഴാന്‍ ആരംഭിച്ചു, വളരെ പെട്ടെന്നാണ് ടീം തകര്‍ന്നത്.

ബൗളിങ്ങില്‍ ന്യൂബോളില്‍ ഞങ്ങള്‍ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. രോഹിത് ഭായ് യുടെ ഇന്നിങ്‌സ് കൂടിയായപ്പോള്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു,’ ബാബര്‍ അസം പറഞ്ഞു.

മികച്ച തുടക്കമായിരുന്നു പാകിസ്ഥാന് ലഭിച്ചത്. എന്നാല്‍ അത് മുതലാക്കാന്‍ ബാബറിനും സംഘത്തിനും സാധിച്ചിരുന്നില്ല. ഒരുവേള 155ന് രണ്ട് എന്ന നിലയില്‍ നിന്നും 191ന് ഓള്‍ ഔട്ടായാണ് പാകിസ്ഥാന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.

ഇന്ത്യക്കായി സ്പിന്നര്‍മാര്‍ നാല് വിക്കറ്റും പേസര്‍മാര്‍ ആറ് വിക്കറ്റും വീഴ്ത്തിയാണ് ബൗളിങ്ങില്‍ തരംഗമായത്. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡജേ, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളാണ് നേടിയത്.

Content Highlight: Babar Azam on the reason for defeat against India

We use cookies to give you the best possible experience. Learn more