| Saturday, 21st October 2023, 5:31 pm

'ഓസ്‌ട്രേലിയയോട് തോറ്റതിന് കാരണം അവന്‍'; പറയാതെ പറഞ്ഞ് ബാബര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസിട്രേലിയക്കെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പിന്നോട്ട് പോയിരിക്കുകയാണ് പാകിസ്ഥാന്‍. കഴിഞ്ഞ ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ പരാജയം.

ഓപ്പണിങ് കൂട്ടുകെട്ടില്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും തകര്‍ത്തടിച്ചതോടെയാണ് ഓസീസ് സ്‌കോര്‍ ഉയര്‍ന്നത്. 259 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മാര്‍ഷ് 108 പന്തില്‍ നിന്നും 121 റണ്‍സടിച്ചപ്പോള്‍ 124 പന്തില്‍ 163 റണ്‍സായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ആദ്യ വിക്കറ്റില്‍ ഇമാം ഉള്‍ ഹഖും അബ്ദുള്ള ഷഫീഖും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

എന്നാല്‍ പിന്നാലെയെത്തിയവര്‍ക്ക് ആ തുടക്കം മുതലാക്കാന്‍ സാധിക്കാതെ വന്നതോടെ പച്ചപ്പട പരാജയം രുചിച്ചു. 368 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പാകിസ്ഥാന്‍ 62 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

മത്സരത്തില്‍ ടീമിന്റെ തോല്‍വിയുടെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ ബാബര്‍ അസം. ഡേവിഡ് വാര്‍ണറിന് രണ്ട് തവണ ലൈഫ് നല്‍കിയതാണ് ടീമിന്റെ പരാജയത്തിന് കാരണമായതെന്നാണ് ബാബര്‍ പറഞ്ഞത്.

മത്സരശേഷം സംസാരിക്കവെയാണ് ബാബര്‍ ഇക്കാര്യം പറഞ്ഞത്.

‘ബൗളിങ്ങില്‍ ഞങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഡേവിഡ് വാര്‍ണറിനെ പോലെ ഒരു താരത്തിന്റെ ക്യാച്ച് കൈവിടുകയാണെങ്കില്‍ അവനൊരിക്കലും നിങ്ങളെ വെറുതെ വിടാന്‍ പോകുന്നില്ല,’ എന്നായിരുന്നു ബാബര്‍ പറഞ്ഞത്.

‘ഇത് റണ്ണൊഴുകുന്ന ഗ്രൗണ്ടാണ്. തെറ്റുവരുത്താനുള്ള സാധ്യതകളും വളരെ കുറവാണ്. അവസാന ഓവറുകളില്‍ അവരെ റണ്ണെടുക്കാന്‍ സമ്മതിക്കാതെ തടഞ്ഞു നിര്‍ത്തിയ ഫാസ്റ്റ് ബൗളേഴ്‌സിനും സ്പിന്നേഴ്‌സിനുമാണ് എല്ലാ ക്രെഡിറ്റും നല്‍കേണ്ടത്. മികച്ച ലെങ്ത് കണ്ടെത്താനും വിക്കറ്റ് വീഴ്ത്താനുമാണ് അവര്‍ ശ്രമിച്ചത്. ഞങ്ങള്‍ക്കത് ചെയ്യാന്‍ സാധിക്കും, മുന്‍കാലങ്ങളില്‍ ഞങ്ങളത് ചെയ്തതുമാണ്.

മിഡില്‍ ഓര്‍ഡറില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ആദ്യ പത്ത് ഓവറില്‍ മികച്ച രീതിയില്‍ പന്തെറിയേണ്ടിയിരുന്നു, ബാറ്റിങ്ങില്‍ മധ്യനിരയില്‍ ബാറ്റര്‍മാരും ആ പ്രകടനം നടത്തണമായിരുന്നു,’ ബാബര്‍ കൂട്ടിച്ചേര്‍ത്തു.

ഡേവിഡ് വാര്‍ണറിന്റ ക്യാച്ച് വിട്ടുകളഞ്ഞതാണ് കളിയില്‍ വഴിത്തിരിവായത് എന്നാണ് തോല്‍വിയുടെ പ്രധാന കാരണമായി ബാബര്‍ ചൂണ്ടിക്കാണിച്ചത്. ഒന്നല്ല രണ്ട് തവണയാണ് വാര്‍ണറിന്റെ ക്യാച്ച് പാകിസ്ഥാന്‍ നഷ്ടപ്പെടുത്തിയത്. നിര്‍ഭാഗ്യവശാല്‍ ആ രണ്ട് ക്യാച്ചും നഷ്ടപ്പെടുത്തിയത് ഒരു താരവുമായിരുന്നു.

വ്യക്തിഗത സ്‌കോര്‍ പത്തില്‍ നില്‍ക്കവെയാണ് ഡേവിഡ് വാര്‍ണറിന് ആദ്യ ലൈഫ് ലഭിക്കുന്നത്. ഷഹീന്‍ ഷാ അഫ്രിദിയുടെ ഡെലിവെറിയില്‍ ഷോട്ട് കളിച്ച വാര്‍ണറിന് പിഴച്ചു. മിഡ് ഓണില്‍ ഒസാമ മിറിന്റെ കയ്യില്‍ ഒതുങ്ങുമെന്ന് തോന്നിച്ചെങ്കിലും താരം ക്യാച്ച് കൈവിട്ടുകളയുകയായിരുന്നു.

വാര്‍ണര്‍ 101ല്‍ നില്‍ക്കവെയാണ് അടുത്ത ലൈഫും താരത്തിന് ലഭിക്കുന്നത്. ആദ്യ അവസരത്തിന് സമാനമെന്നോണം ഒസാമ മിര്‍ തന്നെയാണ് വാര്‍ണറിനെ വീണ്ടും കൈവിട്ടുകളഞ്ഞത്.

വീണ്ടും ലൈഫ് ലഭിച്ച വാര്‍ണര്‍ 62 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 163 റണ്‍സ് നേടിയാണ് ഓസീസ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. 62 റണ്‍സിനാണ് പാകിസ്ഥാന്‍ തോറ്റത് എന്നതും രസകരമായ വസ്തുതയാണ്.

പാക് ടീമിന്റ മോശം ഫീല്‍ഡിങ്ങിനെ വിമര്‍ശിച്ച് മുന്‍ പാക് സൂപ്പര്‍ താരം അക്തറും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ടീമിലുള്ള പ്രതിസന്ധികള്‍ പരിഹരിച്ചില്ലെങ്കില്‍ ലോകകപ്പില്‍ മുന്നോട്ടുള്ള യാത്രക്ക് പാകിസ്ഥാന്റെ വഴിമുടക്കുന്നതും അത് തന്നെയായിരിക്കും.

Content Highlight: Babar Azam on losing to Australia

We use cookies to give you the best possible experience. Learn more