ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിക്കൊണ്ടായിരുന്നു സന്ദര്‍ശകരുടെ തേരോട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരവും അടിയറ വെച്ചുകൊണ്ടാണ് പാകിസ്ഥാന് സന്ദര്‍ശകര്‍ക്ക് മുമ്പില്‍ തലകുനിച്ച് നിന്നത്.
പാകിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2022. ഹോം മാച്ചില്‍ വഴങ്ങിയ തോല്‍വികളുള്‍പ്പെടെ പാക് ക്രിക്കറ്റിനെ തന്നെ ഈ വര്‍ഷം പിടിച്ചുകുലുക്കിയിരുന്നു. ഒരുപക്ഷേ കോഴ വിവാദത്തിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ഇത്രത്തോളം തിരിച്ചടി നേരിട്ടത് 2022ലെ ടെസ്റ്റ് പരാജയങ്ങളിലാകും.
ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലാണ് ബാബറും സംഘവും അവസാനമായി പരാജയം രുചിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വൈറ്റ്‌വാഷ് ചെയ്തായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 17 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ആതിഥേയരെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വെച്ച് നിഷ്പ്രഭരാക്കുകയായിരുന്നു.
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പരമ്പരയായിരുന്നു ഇത്. ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ പാകിസ്ഥാന്‍ പരമ്പര വൈറ്റ്‌വാഷ് ചെയ്യപ്പെട്ട് തോല്‍ക്കുന്നത്.
ഈ തോല്‍വിയുടെ മുഴുവന്‍ പഴിയും കേള്‍ക്കേണ്ടി വന്നത് ക്യാപ്റ്റന്‍ ബാബര്‍ അസമിനായിരുന്നു. താരത്തിന്റെ മോശം ക്യാപ്റ്റന്‍സിയാണ് ടീമിനെ പടുകുഴിയിലേക്ക് തള്ളിയിട്ടതെന്നായിരുന്നു ആരാധകരും മുന്‍ താരങ്ങളുമടക്കം പറഞ്ഞത്.
ഇതിന് പുറമെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പേരിലും ഒരു മോശം റെക്കോഡും സൃഷ്ടിക്കപ്പെട്ടിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഹോം ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ പാകിസ്ഥാന്‍ നായകന്‍ എന്ന അനാവശ്യ റെക്കോഡാണ് ബാബറിനെ തേടിയെത്തിയത്.
കാര്യങ്ങള്‍ ഇത്രത്തോളം പ്രതികൂലമായിരിക്കുന്ന സഹചര്യത്തില്‍ ഐ.സി.സിയുടെ തലോടലാണ് താരത്തിന് അല്‍പമെങ്കിലും ആശ്വാസമാകുന്നത്. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ബാബര്‍ അസം സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുകയാണ്.
നിലവില്‍ ബാബര്‍ രണ്ടാം സ്ഥാനത്താണ്. സ്റ്റീവ് സ്മിത്തിനെ മറികടന്നുകൊണ്ടാണ് ബാബര്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. 875 റേറ്റിങ് പോയിന്റാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ബാബറിനുള്ളത്.
അതേസമയം, ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ ഒറ്റ ഇന്ത്യന്‍ താരം പോലും ഇല്ലാതായിരിക്കുകയാണ്. നേരത്തെ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് ആറാം സ്ഥാനത്തേക്ക് വീണതോടെയാണ് ആദ്യ അഞ്ചില്‍ ഒറ്റ ഇന്ത്യന്‍ താരങ്ങളുമില്ലാതെ പോയത്. 794 റേറ്റിങ് പോയിന്റാണ് ആറാം സ്ഥാനത്തുള്ള പന്തിനുള്ളത്.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. 739 റേറ്റിങ് പോയിന്റാണ് രോഹിത് ശര്‍മക്കുള്ളത്.