| Thursday, 9th June 2022, 9:36 am

ബാബര്‍ കുതിക്കുന്നു; കോഹ്‌ലിയുടെ റെക്കോഡൊക്കെ പഴംകഥയാക്കാന്‍ ഇവന് സാധിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

സെഞ്ച്വറി മിഷീന്‍ എന്നറിയപെടുന്ന താരമായിരുന്നു ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി. എന്നാല്‍ കഴിഞ്ഞ രണ്ട് കൊല്ലമായി ഒരു സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല. പാകിസ്ഥാന്റെ ബാറ്റിംഗ് സെന്‍സേഷനായ ബാബര്‍ അസം റണ്‍വേട്ടയിലും സെഞ്ച്വറിയിലും കുതിക്കുകയാണ്.

ഇന്നലെ നടന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ പുതിയ റെക്കോഡുകള്‍ നേടിയിരിക്കുകയാണ് താരം. തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറിയാണ് ബാബര്‍ നേടിയത്. ആദ്യമായല്ല ബാബര്‍ തുടരെ മൂന്ന് സെഞ്ച്വറികള്‍ നേടുന്നത്.

2016ലും ബാബര്‍ ഏകദിനത്തില്‍ തുടരെ മൂന്ന് സെഞ്ച്വറികള്‍ നേടിയിരുന്നു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്ററായി ബാബര്‍ മാറിയിരിക്കുകയാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് ശതകം രണ്ട് തവണയാണ് ബാബര്‍ നേടിയത്.

ഇന്നലെ ബാബറിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 303 എന്ന ടോട്ടല്‍ പാകിസ്ഥാന്‍ അവസാന ഓവറില്‍ മറികടക്കുകയായിരുന്നു.

പാകിസ്ഥാന്റെ ആരാധകര്‍ കോഹ്‌ലിയുടെ റെക്കോഡുകള്‍ തകര്‍ക്കും എന്ന് വിശ്വസിക്കുന്ന കളിക്കാരനാണ് ബാബര്‍. ഇപ്പോള്‍ ബാബര്‍ മുന്നേറികൊണ്ടിരിക്കുന്ന ഫോം ആ വിശ്വാസത്തെ കാക്കുന്നു. ഇന്നലെ കോഹ്‌ലിയുടെ ഒരു റെക്കോഡ് കൂടെ തകര്‍ത്താണ് ബാബര്‍ കളം വിട്ടത്.

ഏകദിനത്തില്‍ ക്യാപ്റ്റനായി ഏറ്റവും വേഗത്തില്‍ 1000 റണ്‍ തികയ്ക്കുന്ന കളിക്കാരനായി മാറാന്‍ ബാബറിനായി. വിരാട് കോഹ്‌ലിയായിരുന്നു ഏറ്റവും കുറവ് ഇന്നിംഗ്‌സില്‍ 1000 റണ്‍ തികയ്ക്കുന്ന ക്യാപ്റ്റന്‍. 17 ഇന്നിംഗ്‌സിലായിരുന്നു കോഹ്‌ലി ഈ നേട്ടം കൈക്കലാക്കിയത്. 2017ലായിരുന്നു കോഹ്‌ലി ഈ റെക്കോഡ് നേടിയത്.

കോഹ്‌ലിയുടെ റെക്കോഡ് മറികടക്കാന്‍ ബാബറിന് 98 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നാല് ഇന്നിംഗ്‌സും താരത്തിന് ബാക്കിയുണ്ടായിരുന്നു എന്നാല്‍ ആദ്യ ഇന്നിംഗസില്‍ തന്നെ 100 അടിച്ചുകൊണ്ട് ബാബര്‍ ഇന്ത്യന്‍ ഇതിഹാസത്തെ മറികടന്നു.

ക്യാപ്റ്റനായതിന് ശേഷമുള്ള 13 ഇന്നംഗസില്‍ നിന്നും 91 ശരാരശരിയില്‍ 1005 റണ്ണാണ് താരം നേടിയിരിക്കുന്നത്. അതില്‍ ആറ് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അവസാന അഞ്ച് ഇന്നിംഗ്‌സില്‍ നാല് സെഞ്ച്വറിയാണ് താരം അടിച്ചുകൂട്ടിയിരിക്കുന്നത്.

എന്തായാലും ബാബര്‍ കുതിക്കുന്നത് ക്രിക്കറ്റിലെ ഒരുപാട് റെക്കോഡുകള്‍ തകര്‍ക്കാന്‍ തന്നെയാണ്. ഇപ്പോഴത്തെ റാങ്കിംഗില്‍ ഏകദിനത്തിലും ട്വന്റി-20യിലും താരം ഒന്നാമതാണ്.

ഏകദിന കരിയറില്‍ 87 കളിയില്‍ 59 ശരാശരിയില്‍ 4364 റണ്ണാണ് താരം നേടിയിരിക്കുന്നത്. അതില്‍ 17 സെഞ്ച്വറിയും 18 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും.

Content Highlights: Babar Azam is creating new records in cricket

We use cookies to give you the best possible experience. Learn more