ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ച് ടി ട്വന്റിയിലെ മൂന്നാമത്തെ മത്സരവും പാകിസ്ഥാന്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് . 45 റണ്‍സിനാണ് പാകിസ്ഥാന്‍ തലകുനിച്ചത്. ടോസ് നേടിയ പാകിസ്ഥാന്‍ കിവീസിനേ ബാറ്റിങ്ങിനയക്കുകയായിരുന്നു. 224 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോറാണ് ആധിഥേയര്‍ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടാനാണ് സാധിച്ചത്.
കിവീസിന്റെ ഓപ്പണര്‍ ഫിന്‍ അലന്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറി നേട്ടത്തിലാണ് ടീം വിജയം കണ്ടതും പരമ്പര നേടിയതും. ഇതോടെ അലന്‍ ഒട്ടനവധി റെക്കോഡുകളും വാരിക്കൂട്ടിയിട്ടുണ്ട്.
എന്നാല്‍ പാകിസ്ഥാന് വേണ്ടി കുറച്ചെങ്കിലും പിടിച്ചുനിന്നത് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആണ്. 37 പന്തില്‍ നിന്നും ഒരു സിക്‌സറും എട്ട് ബൗണ്ടറികളും അടക്കം 58 റണ്‍സ് ആണ് താരം നേടിയത്. 156.78 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ബാബര്‍ ബാറ്റ് വീശിയത്.
പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തന്നെ ബാബറുമായി മികച്ച കൂട്ടുകെട്ട് കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നു. പരമ്പരയില്‍ തോല്‍വി വഴങ്ങിയെങ്കിലും മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും ബാബറിന് കഴിഞ്ഞു. ഒരു ടി ട്വന്റി പരമ്പരയിലെ തോല്‍വിയില്‍ മൂന്ന് അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഏഷ്യന്‍ താരമായി മാറുകയാണ് ബാബര്‍.
പാകിസ്ഥാന് വേണ്ടി ഓപ്പണര്‍ സെയിം അയ്യൂബ് 10 റണ്‍സും റിസ്വാന്‍ 24 റണ്‍സും ഫഖര്‍ സമാന്‍ 19 റണ്‍സും നേടി. ടോപ് ഓര്‍ഡറില്‍ തകര്‍ച്ചക്ക് ശേഷം മുഹമ്മദ് നവാസ് 28 റണ്‍സ് നേടി ടീമിനെ സഹായിച്ചെങ്കിലും ഒരു കളി പോലും പാകിസ്ഥാന് കിവീസിനെതിരെ വിജയിക്കാന്‍ സാധിക്കാതെ പോവുകയാണ്.
ഫിന്‍ അലന്‍ 62 പന്തില്‍ നിന്നും 16 സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 137 റണ്‍സ് ആണ് പാകിസ്ഥാനെതിരെ അടിച്ചെടുത്തത്. 220.97 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ടിം സൈഫെര്‍ട് 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടി അലന് കൂട്ടുനിന്നു. ഗ്ലെന്‍ ഫിലിപ്‌സ് 15 നിന്ന് 19 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു. ഇനി പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത മാച്ച് ജനുവരി 19ന് ഹാഗ്ലെയ് ഓവനിലാണ് മത്സരം.
Content Highlight: Babar Azam In Record Achievement