ആര്‍ക്കെങ്കിലും ഉപദേശിക്കണമെങ്കില്‍ എന്റെ നമ്പറിലേക്ക് വിളിക്കാം; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ബാബര്‍ അസം
Cricket
ആര്‍ക്കെങ്കിലും ഉപദേശിക്കണമെങ്കില്‍ എന്റെ നമ്പറിലേക്ക് വിളിക്കാം; വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ബാബര്‍ അസം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th November 2023, 10:07 pm

ഏകദിന ലോകകപ്പില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം. ടെലിവിഷനിലൂടെ അഭിപ്രായം പറയാന്‍ ആര്‍ക്കും പറ്റുമെന്നും ആര്‍ക്കെങ്കിലും തന്നെ ഉപദേശിക്കണമെങ്കില്‍ നേരിട്ട് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ നമ്പര്‍ എല്ലാവര്‍ക്കും അറിയാമെന്നും ബാബര്‍ പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ എന്റെ ടീമിന്റെ ക്യാപ്റ്റനാണ്. എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ലോകകപ്പില്‍ ഞാന്‍ വേണ്ടത്ര പ്രകടനം നടത്താത്തത് കൊണ്ടാണ് സമ്മര്‍ദത്തിലാണെന്നാണ് ആളുകള്‍ പറയുന്നത്.

ഞാന്‍ എന്തെങ്കിലും സമ്മര്‍ദത്തിലായിരുന്നോ എന്നും എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടതായോ എനിക്ക് തോന്നുന്നില്ല. ഫീല്‍ഡില്‍ എന്റെ ഏറ്റവും മികച്ചത് നല്‍കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ബാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ റണ്‍സ് നേടി എങ്ങനെ ടീമിനെ വിജയിപ്പിക്കാമെന്നാണ് എന്റെ ചിന്ത,’ അദ്ദേഹം പറഞ്ഞു.

തനിക്ക് കഴിയാവുന്ന അത്ര നന്നായിട്ടാണ് ലോകകപ്പില്‍ കളിച്ചതെന്നും ചിലപ്പോള്‍ ജയിക്കും, മറ്റു ചിലപ്പോള്‍ പരാജയപ്പെടുമെന്നും ബാബര്‍ പറഞ്ഞു. വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ലക്ഷ്യം അടുത്ത മത്സരം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.സി.സി ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു . ഇതിന് പിന്നാലെ ന്യൂസിലാന്‍ഡ് ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. എന്നാല്‍ ഇത് പാകിസ്ഥാന്‍ ടീമിന്റെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് വലിയ തിരിച്ചടികളാണ് നല്‍കിയത്. നിലവില്‍ പാക് ടീം ലോകകപ്പില്‍ നിന്നും പുറത്താകലിന്റെ വക്കിലാണ്.

പാകിസ്ഥാന്‍ ടീമിന് ഇനി സെമിയില്‍ പ്രവേശിക്കണമെങ്കില്‍ കണക്കുകള്‍ പ്രകാരം നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ 287 റണ്‍സിന് ജയിക്കേണ്ടിവരും. ഈ കടമ്പ പാക് ടീം കടക്കുക എന്നത് അത്ര എളുപ്പമല്ല.

ലോകകപ്പിലെ തുടര്‍ച്ചയായ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചു വന്ന പാക് ടീം പിന്നീട് നടന്ന നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയായിരുന്നു. ഇതിനു പിന്നാലെ ഒരുപാട് വിമര്‍ശനങ്ങള്‍ പാക് ടീമിനെതിരെ ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ട് പാക് ടീം വീണ്ടും തിരിച്ചു വരുമെന്ന് പ്രതീക്ഷകള്‍ നല്‍കിയെങ്കിലും കിവീസിന്റെ വിജയം പാക് ടീമിന് കടുത്ത തിരിച്ചടിയാണ് നല്‍കിയത്.

നിലവില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയുമാണ് സെമിയിലേക്ക് യോഗ്യത നേടിയത്. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കിവീസ് തന്നെയായിരിക്കും സെമിയിലേക്ക് മുന്നേറുന്ന നാലാമത്തെ ടീം.

നവംബര്‍ 15ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും വിലയിരുത്തിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ടായിരുന്നു പാകിസ്ഥാന്റെ പ്രകടങ്ങള്‍.

Content Highlights: Babar Azam Hits Back At Criticism During Cricket World Cup 2023