നിന്ന് കളിക്കെടാ! ഒരു വര്‍ഷം ഇത് നാല് തവണ; മോശം റെക്കോഡുമായി ബാബര്‍
Asia cup 2023
നിന്ന് കളിക്കെടാ! ഒരു വര്‍ഷം ഇത് നാല് തവണ; മോശം റെക്കോഡുമായി ബാബര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th September 2023, 10:42 pm

 

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. മഴ കാരണം 42 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ഈ മത്സരത്തില്‍ വിജയക്കുന്ന ടീമിന് ടൂര്‍ണമെന്റ് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കും. ഫൈനലില്‍ ഇന്ത്യക്കെതിരെയായിരിക്കും വിജയിക്കുന്ന ടീം കളിക്കുക.

ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഒമ്പത് റണ്‍സായപ്പോള്‍ തന്നെ ഓപ്പണര്‍ ഫഖര്‍ സമാനെ പാകിസ്ഥാന് നഷ്ടമായിരുന്നു. പിന്നീടെത്തിയ നായകന്‍ ബാബര്‍ അസമും, അബ്ദുള്ള ഷഫീഖും ടീമിനെ തിരിച്ചുകൊണ്ടുവരാനായി മികച്ച പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിച്ചരിച്ചിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 73 എത്തിയപ്പോള്‍ ബാബര്‍ പുറത്തായി.

35 പന്തില്‍ 29 റണ്‍സെടുത്താണ് പാക് നായകന്‍ പുറത്തായത്. ലങ്കയുടെ യുവ സെന്‍സേഷന്‍
ദുനിത് വെല്ലലഗെയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് സ്റ്റംപ് ചെയ്താണ് ബാബര്‍ പുറത്തായത്.

ഇതോടെ ഏകദിന ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനുമില്ലാത്ത നാണക്കേട് അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് തവണ സ്റ്റംപിങ്ങിന് ഇരയായി പുറത്തായ ലോകത്തിലെ ആദ്യത്തെ ക്യാപ്റ്റനായി ബാബര്‍ മാറി. നേരത്തെ ന്യൂസിലന്‍ഡിനെതിരെ മൂന്ന് തവണ അദ്ദേഹം സ്റ്റംമ്പിങ്ങിലൂടെ പുറത്തായിരുന്നു.

ബാബറിന്റെ പുറത്താവലിന് ശേഷം പാകിസ്ഥാന്‍ അല്‍പമൊന്ന് പതറിയിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ ക്ലാസ് ഇന്നിങ്‌സ് പാകിസ്ഥാനെ മികച്ച ടോട്ടലില്‍ എത്തിക്കുകയായിരുന്നു.

73 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറുമടക്കം 86 റണ്‍സാണ് റിസ്വാന്‍ നേടിയത്. 40 പന്തില്‍ 47 റണ്‍സ് നേടി ഇഫ്തിഖാര്‍ അഹമ്മദ് മികച്ച പിന്തുണ നല്‍കി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.

Content Highlight: Babar Azam got out by Stumping for fourth time in this year