| Friday, 24th March 2023, 3:46 pm

ആര്‍ക്കും വേണ്ടാത്ത എടുക്കാച്ചരക്കായി ബാബര്‍; ഷഹീനിനെ തേടിയെത്തിയത് ഫയര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിലെ ഫ്രാഞ്ചൈസി ലീഗായ ദി ഹണ്‍ഡ്രഡിന്റെ ഡ്രാഫ്റ്റില്‍ ഒരു ടീമിലും ഇടം നേടാന്‍ സാധിക്കാതെ പാക് നായകന്‍ ബാബര്‍ അസം. മാര്‍ച്ച് 23ന് നടന്ന ഡ്രാഫ്റ്റില്‍ ബാബര്‍ അസം ഉള്‍പ്പെടെ നിരവധി വമ്പന്‍ പേരുകാര്‍ക്കാണ് കയ്പുനീര്‍ കുടിക്കേണ്ടി വന്നത്.

ബാബര്‍ അസമിനൊപ്പം സൂപ്പര്‍ താരം മുഹമ്മദ് റിസ്‌വാനും ഒരു ടീമിലും ഇടം കണ്ടെത്താനായില്ല. പാകിസ്ഥാന്‍ താരങ്ങളെ മാത്രമല്ല, വെസ്റ്റ് ഇന്‍ഡീസ് വമ്പനടി വീരന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കും ഡ്രാഫ്റ്റില്‍ നിരാശയായിരുന്നു ഫലം.

പാക് നായകന് നിരാശപ്പെടേണ്ടി വന്നെങ്കിലും പച്ചപ്പടയുടെ ബൗളിങ്ങിലെ കുന്തമുനയായ ഷഹീന്‍ ഷാ അഫ്രിദിക്ക് ഡ്രാഫ്റ്റില്‍ ലോട്ടറിയടിച്ചിരുന്നു. വെല്‍ഷ് ഫയറാണ് ഷഹീനിനെ സ്വന്തമാക്കിയത്. ഷഹീനിന് പുറമെ പാക് സ്റ്റാര്‍ പേസര്‍ ഹാരിസ് റൗഫിനെയും വെല്‍ഷ് ഫയര്‍ ടീമിലെത്തിച്ചിട്ടുണ്ട്.

30 താരങ്ങളെയാണ് കഴിഞ്ഞ ദിവസം നടന്ന ഡ്രാഫ്റ്റിലൂടെ ടീമുകള്‍ സ്വന്തമാക്കിയത്. ഡെവോണ്‍ കോണ്‍വേ, മൈക്കല്‍ ബ്രേസ്‌വെല്‍, ഹെന്റിച്ച് ക്ലാസന്‍ അടക്കമുള്ള താരങ്ങളെയാണ് ഡ്രാഫ്റ്റിലൂടെ എട്ട് ടീമുകള്‍ സ്വന്തമാക്കിയത്.

ട്രെന്റ് റോക്കറ്റ്‌സ്, ഓവല്‍ ഇന്‍വിസിബിള്‍സ്, ലണ്ടന്‍ സ്പിരിറ്റ്, സതേണ്‍ ബ്രേവ്, വെല്‍ഷ് ഫയര്‍, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ്, ബെര്‍മിങ്ഹാം ഫീനിക്‌സ് എന്നിവരാണ് ടൂര്‍ണമെന്റിലെ എട്ട് ടീമുകള്‍.

നിലവില്‍ ഒരോ ടീമും 13 താരങ്ങളെ വീതമാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വീതം വൈല്‍ഡ് കാര്‍ഡ് പിക്കുകളെയും ടീമുകള്‍ക്ക് സ്വന്തമാക്കാം.

ക്രിക്കറ്റില്‍ തന്നെ വിപ്ലവാത്മകമായ മാറ്റം കുറിച്ചുകൊണ്ടായിരുന്നു ദി ഹണ്‍ഡ്രഡ് എന്ന ഫ്രാഞ്ചൈസി ലീഗ് പിറവിയെടുക്കുന്നത്. അഞ്ച് പന്ത് വീതമുള്ള 20 ‘ഓവര്‍’, അഥവാ 100 പന്തുകളാണ് ഒരു ഇന്നിങ്‌സില്‍ ഉണ്ടാവുക. ഇക്കാരണത്താലാണ് ടൂര്‍ണമെന്റിന് ദി ഹണ്‍ഡ്രഡ് എന്ന പേര് വന്നത്. ഇതടക്കമുള്ള നിരവധി വിചിത്രമായ ക്രിക്കറ്റ് റൂളുകളാണ് ഈ ടൂര്‍ണമെന്റിന്റെ പ്രത്യേകത.

– ഒരു ബൗളര്‍ക്ക് തുടര്‍ച്ചയായി അഞ്ചോ പത്തോ പന്ത് എറിയാന്‍ സാധിക്കും, ഇക്കാര്യം ക്യാപ്റ്റനാണ് തീരുമാനിക്കുക. ഒരു ഇന്നിങ്‌സില്‍ ഒരു ബൗളര്‍ക്ക് മാക്‌സിമം 20 പന്ത് വരെ എറിയാം.

– ഓരോ ബൗളിങ് ടീമിനും 90 സെക്കന്‍ഡിന്റെ ടൈം ഔട്ട് ലഭിക്കും, ഈ സമയത്ത് കോച്ചിന് ഗ്രൗണ്ടിലേക്ക് വന്ന് ടീമിനൊപ്പം തന്ത്രങ്ങള്‍ മെനയാം.

– 25 പന്തിന്റെ പവര്‍പ്ലേയാണ് ഇരു ടീമുകള്‍ക്കും ലഭിക്കുക. പവര്‍പ്ലേയുടെ സമയത്ത് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രമാണ് ഉണ്ടാവുക, തുടങ്ങി നിയമങ്ങള്‍ നീളുന്നു.

ഓഗസ്റ്റ് ഒന്നിനാണ് ഹണ്‍ഡ്രഡിന്റെ പുതിയ സീസണ് തുടക്കമാവുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ട്രെന്റ് റോക്കറ്റ്‌സും സതേണ്‍ ബ്രേവും തമ്മിലാണ് മത്സരം.

Content Highlight: Babar Azam goes unsold in The Hundred, Welsh Fire picks Shaheen Afridi

We use cookies to give you the best possible experience. Learn more