എന്തിനാടാ എന്നോട് ഇങ്ങനെ ഇരന്നുവാങ്ങുന്നത്; മാധ്യമപ്രവര്‍ത്തകനെ തേച്ചൊട്ടിച്ച് ബാബര്‍; വീഡിയോ
Sports News
എന്തിനാടാ എന്നോട് ഇങ്ങനെ ഇരന്നുവാങ്ങുന്നത്; മാധ്യമപ്രവര്‍ത്തകനെ തേച്ചൊട്ടിച്ച് ബാബര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th August 2022, 10:21 am

പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച മറുപടിയുമായി പാക് നായകന്‍ ബാബര്‍ അസം. ബാബര്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് രണ്ട് ഫോര്‍മാറ്റില്‍ മാത്രം കളിച്ചാല്‍ പോരേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായി ബാബര്‍ എത്തിയത്.

ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ അഫ്രിദി എന്നിവര്‍ക്ക് ജോലിഭാരം കൂടുതലല്ലേ എന്നും ഏതെങ്കിലും രണ്ട് ഫോര്‍മാറ്റില്‍ മാത്രം കളിച്ചാല്‍ പോരേ എന്നുമായിരുന്നു ബാബറിനോട് ചോദിച്ചത്.

പാകിസ്ഥാന്റെ നെതര്‍ലന്‍ഡ്‌സ് പര്യടനത്തിന് മുമ്പായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഓഗസ്റ്റ് 16 മുതല്‍ മൂന്ന് ഏകദിനങ്ങള്‍ക്കായാണ് പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സില്‍ പര്യടനം നടത്തുന്നത്.

ഏഷ്യാ കപ്പിന് മുമ്പുള്ള പാകിസ്ഥാന്റെ അവസാന വൈറ്റ്‌ബോള്‍ പരമ്പരയാണിത്. പ്രീ ഡിപ്പാര്‍ച്ചര്‍ കോണ്‍ഫറന്‍സിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ബാബറിനെ ചൊറിയാന്‍ തീരുമാനിച്ചത്.

പല മുന്‍നിര താരങ്ങള്‍ക്കും പരിക്കാണെന്നും, ഇവരൊക്കെ രണ്ട് ഫോര്‍മാറ്റില്‍ മാത്രം കളിച്ചാല്‍ പോരെ എന്നുമായിരുന്നു അയാള്‍ ചോദിച്ചത്.

എന്നാല്‍ തങ്ങള്‍ക്കൊന്നും പ്രായമായിട്ടില്ല എന്നും മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ തങ്ങള്‍ സജ്ജരാണെന്നുമായിരുന്നു ബാബറിന്റെ മറുപടി.

മാധ്യമ പ്രവര്‍ത്തകന്‍: നിങ്ങളും റിസ്വാനും ഷഹീനുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍. നമ്മള്‍ തോറ്റ, ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം അവര്‍ക്ക് വര്‍ക് ലോഡ് അധികമുള്ളതായാണ് തോന്നിയത്. അവര്‍ക്ക് ഡിപ്രഷനുള്ളതായും തോന്നി. അതുകൊണ്ട് തന്നെ നിങ്ങള്‍ രണ്ട് ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്നതല്ലേ നല്ലത്?

ബാബര്‍: അത് ഫിറ്റ്‌നെസ്സിനെ ആശ്രയിച്ചിരിക്കും. ഞങ്ങളുടെ ഫിറ്റ്‌നെസ് അനുസരിച്ച് രണ്ട് ഫോര്‍മാറ്റില്‍ മാത്രം സ്വയം ഒതുക്കണമെന്ന് ഞങ്ങള്‍ക്ക് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. എന്താ ഞങ്ങള്‍ക്ക് പ്രായമായി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

മാ പ്ര: വര്‍ക്‌ ലോഡ് അധികമാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

ബാബര്‍: വര്‍ക് ലോഡ് അധികമാണെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ ഫിറ്റ്‌നെസ്സും വര്‍ധിപ്പിച്ചുകൊള്ളാം.

നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിക്കും പ്രായത്തെ കുറിച്ചുള്ള സമാനമായ ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും നേരിട്ടിരുന്നു. എന്നാല്‍ അയാളെ വേദിയിലേക്ക് വിളിച്ചുവരുത്തി വേണ്ട മറുപടിയും നല്‍കിയായിരുന്നു ധോണി പറഞ്ഞയച്ചത്.

 

മൂന്ന് ഏകദിനങ്ങളാണ് പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സ് പര്യടനത്തിലുള്ളത്. ഓഗസ്റ്റ് 16, 18, 21 തിയതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഹസെലാര്‍വെഗ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.

Content Highlight: Babar Azam gives mouth shutting reply to journalist