ടി-20 ലോകകപ്പില്‍ വീണ്ടും പരാജയമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. തൊട്ടുമുമ്പത്തെ രണ്ട് മത്സരത്തിലും പരാജയപ്പെട്ടതിന് സമാനമായി വീണ്ടും നിരാശപ്പെടുത്തിയാണ് ബാബര്‍ അസം ഒരിക്കല്‍ക്കൂടി വിമര്‍ശനങ്ങളുടെ നടുവിലേക്ക് വലിച്ചെറിയപ്പെട്ടത്.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സ് നേടിയാണ് ബാബര്‍ പുറത്തായത്. ഇന്ത്യക്കെതിരെ പൂജ്യത്തിനും സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ നാല് റണ്‍സിനുമാണ് ബാബര്‍ പുറത്തായത്.
ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തില്‍ ബാബര്‍ ആകെ നേരിട്ടത് 15 പന്താണ്, നേടിയതാകട്ടെ കേവലം എട്ട് റണ്‍സും. ബാറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും ഓരോ മത്സരം കഴിയുമ്പോഴും ബാബര്‍ തുടര്‍പരാജയമാകുന്ന കാഴ്ചയാണ് കാണുന്നത്.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം ജയിക്കാന്‍ സാധിച്ചെങ്കിലും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്റെ പേരിനും പെരുമക്കും ചേര്‍ന്ന പ്രകടനമല്ല പാക് പട ലോകകപ്പില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഈ മോശം പ്രകടനത്തിന്റെ ഉത്തരവാദി ഒരിക്കലും ബാബര്‍ മാത്രമല്ല. മോശം ടീമിനെ തെരഞ്ഞെടുത്തയച്ച സെലക്ഷന്‍ കമ്മിറ്റിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമെല്ലാം തന്നെ ഈ ‘തോല്‍വിക്ക്’ കാരണക്കാരാണ്.
നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലും പാകിസ്ഥാന്‍ തങ്ങളുടെ മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 92 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് വളരെ പതുക്കെ മാത്രമാണ് അവര്‍ നടന്നുകയറിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. രണ്ടേ രണ്ട് പേര്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ രണ്ടക്കം കടന്നത്.
27 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ കോളിന്‍ അക്കര്‍മാനും 20 പന്തില്‍ നിന്നും 15 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സും മാത്രമാണ് നെതര്‍ലന്‍ഡ്‌സിനെ മോശം ടോട്ടലില്‍ ചെന്നവസാനിക്കാതെ കാത്തുരക്ഷിച്ചത്.
മൂന്ന് വിക്കറ്റ് നേടിയ ഷദാബ് ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് വസീമുമാണ് പാകിസ്ഥാന്‍ നിരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത്. ഷഹീന്‍ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് രണ്ടാം ഓവറില്‍ തന്നെ ബാബറിനെ നഷ്ടമായി. ഓപ്പണര്‍ മുഹമ്മദ് റിസ്വാനും ഫഖര്‍ സമാനും ചേര്‍ന്നാണ് പാക് സ്‌കോര്‍ ഉയര്‍ത്തിയത്. റിസ്വാന്‍ 49ഉം ഫഖര്‍ സമാന്‍ 20 റണ്‍സും നേടി പുറത്തായി.