| Wednesday, 30th August 2023, 9:54 pm

ബാബറിനെ വെല്ലാന്‍ ആരുണ്ട്? ക്യാപ്റ്റനായി ഏഷ്യാ കപ്പില്‍ ആര്‍ക്കുമില്ലാത്ത റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് 2023ലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് നേടിയത്.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ഇഫ്തിഖര്‍ അഹമ്മദിന്റെയും പ്രകടനമാണ് പാകിസ്ഥാനെ മികച്ച ടോട്ടലിലേക്ക് എത്തിച്ചത്. ബാബര്‍ 131 പന്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ ഇഫ്തിഖര്‍ 71 പന്ത് നേരിട്ട് 109 റണ്‍സുമായി പുറത്താകാതെ നിന്നു.

തുടക്കത്തില്‍ പിഴച്ച പാകിസ്ഥാനെ കരകയറ്റിയത് ബാബറായിരുന്നു. പതിയെ തുടങ്ങിയ ബാബര്‍ മിഡില്‍ ഓവറുകളില്‍ നങ്കൂരമിട്ട് കളിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ബാബറും ഇഫ്തിഖറും കത്തികയറിയതോടെ പാകിസ്ഥാന്‍ മികച്ച ടോട്ടലിലെത്തി.

ആ സെഞ്ച്വറിയിലൂടെ ബാബര്‍ ഒരുപാട് റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ തന്നെ ഒരു ക്യാപ്റ്റന്‍ ആദ്യമായാണ് 150 റണ്‍സ് നേടുന്നത്. ഒരുപാട് മികച്ച ക്യാപ്റ്റന്‍മാര്‍ പങ്കെടുത്ത ഏഷ്യാ കപ്പില്‍ ഇതുപോലെ ഒരു റെക്കോഡുണ്ടാക്കിയ ബാബറിനെ ആരാധകര്‍ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഈ റെക്കോഡ് മറികടക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ വാദിക്കുന്നുണ്ട്. 150ന് മുകളില്‍ ഒരുപാട് തവണ സ്‌കോര്‍ ചെയ്ത താരമാണ് രോഹിത്.

ഇതോടൊപ്പം മറ്റ് റെക്കോഡുകളും ബാബര്‍ ഈ ഇന്നിങ്‌സില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന കരിയറില്‍ തന്റെ 19ാമത്തെ സെഞ്ച്വറിയായിരുന്നു നേപ്പാളിനെതിരെ താരം നേടിയത്. ഏറ്റവും കുറവ് ഇന്നിങ്‌സില്‍ 19 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും ഇതോടൊപ്പം ബാബര്‍ തിരുത്തിക്കുറിച്ചു.

പ്രോട്ടീസ് ലെജന്‍ഡ് ഹാഷിം അംല, മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി എന്നിവരെയടക്കം മറികടന്നുകൊണ്ടാണ് ബാബര്‍ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്. ഹാഷിം അംല 104 ഇന്നിങ്‌സില്‍ നിന്നുമാണ് 19 സെഞ്ച്വറി നേടിയത്. വിരാട് കോഹ്‌ലി 124 ഇന്നിങ്‌സില്‍ നിന്നുമാണ് അത്രയും സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അതേസമയം മത്സരത്തില്‍ പാകിസ്ഥാന്‍ നേപ്പാളിനെ 238 റണ്‍ലിന് തകര്‍ത്തു. 343 റണ്‍സ് ചെയ്‌സ ചെയ്യാന്‍ ഇറങ്ങിയ് നേപ്പാള്‍ വെറും 104 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്ഥാനായി സ്പിന്നര്‍ ഷദാബ് ഖാന്‍ നാലും ഷഹീന്‍ അഫ്രിദി, ഹാരിസ് റൗഫ് എന്നീ പേസ് ഡുവോ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നസീം ഷാ മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

28 റണ്‍സ് നേടിയ സോംപാല്‍ കാമിയാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍.

Content Highlight: Babar Azam Creates History by Scoring 150 a sCaptain in asia Cup

We use cookies to give you the best possible experience. Learn more