പാകിസ്ഥാന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചരിത്ര നേട്ടം കുറിച്ച് ബാബര്‍ അസം. 13,000 അന്താരാഷ്ട്ര റണ്‍സ് എന്ന ഐതിഹാസിക നേട്ടമാണ് പാകിസ്ഥാന്റെ മുന്‍ നായകന്‍ തന്റെ പേരില്‍ കുറിച്ചത്.
ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് പാക് താരമാണ് ബാബര്‍ അസം. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 14 റണ്‍സ് നേടിയതോടെയാണ് ബാബറിനെ തേടി ഈ റെക്കോഡ് നേട്ടമെത്തിയത്.
50 ടെസ്റ്റ് മത്സരത്തിലെ 89 ഇന്നിങ്‌സില്‍ നിന്നും 3793 റണ്‍സാണ് ബാബര്‍ നേടിയത്. 47.41 എന്ന ശരാശരിയിലും 55.06 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ബാബര്‍ റണ്ണടിച്ചുകൂട്ടിയത്. ഒമ്പത് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയുമാണ് റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ബാബറിന്റെ പേരിലുള്ളത്.
117 ഏകദിനത്തിലെ 114 ഇന്നിങ്‌സില്‍ നിന്നും 5729 റണ്‍സും 98 ടി-20 ഇന്നിങ്‌സില്‍ നിന്നും 3485 റണ്‍സുമാണ് ബാബറിന്റെ സമ്പാദ്യം.
കരിയറില്‍ 13,000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടതോടെ മറ്റൊരു ഐതിഹാസിക നേട്ടവും മുന്‍ നായകനെ തേടിയെത്തിയിരുന്നു. പാകിസ്ഥാനായി വേഗത്തില്‍ 13,000 റണ്‍സ് കണ്ടെത്തുന്ന താരം എന്ന റെക്കോഡാണ് ബാബര്‍ തന്റെ പേരില്‍ കുറിച്ചത്.
പാക് ഇതിഹാസങ്ങളായ ജാവേദ് മിയാന്‍ദാദ്, മുഹമ്മദ് യൂസഫ്, ഇന്‍സമാം ഉള്‍ ഹഖ് എന്നിവരെയെല്ലാം മറികടന്നുകൊണ്ടാണ് ബാബര്‍ ഈ റെക്കോഡിലെത്തിയത്.
അതേസമയം, ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ 300 റണ്‍സിന് പുറകിലാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഡേവിഡ് വാര്‍ണറിന്റെ സെഞ്ച്വറി കരുത്തില്‍ 487 റണ്‍സാണ് നേടിയത്. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ വെറും 271ല്‍ ഒതുങ്ങി.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസ്‌ട്രേലിയ 33 ഓവറില്‍ രണ്ട് വിക്കറ്റിന് 84 എന്ന നിലയിലാണ്. 106 പന്തില്‍ 34 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയും 72 പന്തില്‍ 43 റണ്‍സടിച്ച സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.
Content highlight: Babar Azam completes 13,000 international runs