| Friday, 31st May 2024, 7:56 am

ലോകകപ്പിന് തൊട്ടുമുമ്പ് ടി-20യില്‍ ബാബറിന്റെ ഗര്‍ജനം, ചരിത്രത്തിലെ രണ്ടാമന്‍; വിരാട് വിളയാടിയ റെക്കോഡില്‍ ഇനി പാക് നായകനും

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അന്താരാഷ്ട്ര ടി-20യില്‍ ഐതിഹാസിക നേട്ടവുമായി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. അന്താരാഷ്ട്ര ടി-20യിലെ 4,000 റണ്‍സ് മാര്‍ക് പിന്നിട്ടാണ് പാക് നായകന്‍ ചരിത്രം കുറിച്ചത്.

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം മത്സരത്തിലാണ് ബാബര്‍ ഈ റെക്കോഡ് നേട്ടത്തിലെത്തിയത്. ഓവലില്‍ നടന്ന മത്സരത്തില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് 4,000 റണ്‍സ് എന്ന നാഴികക്കല്ല് ബാബര്‍ മറികടന്നത്.

അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് മാത്രം താരമാണ് ബാബര്‍. ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം.

കളിച്ച 119ാം മത്സരത്തിലാണ് ബാബര്‍ 4,000 റണ്‍സ് എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്. 117 ഇന്നിങ്‌സില്‍ നിന്നും 41.05 ശരാശരിയിലും 130.15 സ്‌ട്രൈക്ക് റേറ്റിലും 4,023 റണ്‍സാണ് ബാബറിന്റെ പേരിലുള്ളത്. 36 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയുമാണ് ഇന്റര്‍നാഷണല്‍ ടി-20 ഫോര്‍മാറ്റില്‍ ബാബറിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

ടി-20 ഫോര്‍മാറ്റില്‍ 289 ഇന്നിങ്‌സില്‍ നിന്നും 10,820 റണ്‍സാണ് പാക് നായകന്റെ പേരിലുള്ളത്. 43.98 ശരാശരിയിലും 129.70 സ്‌ട്രൈക്ക് റേറ്റിലുമാണ് ബാബര്‍ സ്‌കോര്‍ ചെയ്യുന്നത്.

അതേസമയം, ഐതിഹാസിക നേട്ടത്തിലെത്തിയെങ്കിലും നാലാം മത്സരത്തിലും പരമ്പരയിലും പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-0നാണ് ഇംഗ്ലണ്ട് പിടിച്ചടക്കിയത്. പരമ്പരയിലെ ആദ്യ മത്സരവും മൂന്നാം മത്സരവും ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

നാലാം മത്സരത്തില്‍ ടോസ് നേടിയ ആതിഥേയര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും പാകിസ്ഥാന് 19.5 ഓവറില്‍ 157 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാന്‍ 16 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ അസം 22 പന്തില്‍ 36 റണ്‍സ് നേടി.

വണ്‍ ഡൗണായി കളത്തിലിറങ്ങിയ ഉസ്മാന്‍ ഖാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 21 പന്ത് നേരിട്ട് രണ്ട് സിക്‌സറും മൂന്ന് ഫോറും അടക്കം 38 റണ്‍സാണ് താരം നേടിയത്.

മധ്യനിര പാടെ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇഫ്തിഖര്‍ അഹമ്മദ് ചെറുത്തുനിന്നു. 18 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്. 18 പന്ത് നേരിട്ട് 16 റണ്‍സടിച്ച നസീം ഷായും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ 119ാം പന്തില്‍ പാകിസ്ഥാന്‍ 157ന് പുറത്തായി.

ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, മോയിന്‍ അലി എന്നിവര്‍ ഓരോ താരങ്ങളെയും മടക്കി. ഹാരിസ് റൗഫ് റണ്‍ ഔട്ടായി പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണര്‍ ഫില്‍ സോള്‍ട്ട് 24 പന്തില്‍ 45 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 21 പന്ത് നേരിട്ട് 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മടങ്ങി.

ജോണി ബെയര്‍സ്‌റ്റോ (16 പന്തില്‍ പുറത്താകാതെ 28), വില്‍ ജാക്‌സ് (18 പന്തില്‍ 20), ഹാരി ബ്രൂക്ക് (14 പന്തില്‍ പുറത്താകാതെ 17) എന്നിവരും തിളങ്ങിയപ്പോള്‍ 27 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.

ലോകകപ്പിന് മുമ്പ് പാകിസ്ഥാനെതിരെ നേടിയ ഈ പരമ്പര വിജയം ഇംഗ്ലണ്ടിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ഇനി ഇംഗ്ലണ്ട് നേരിട്ട് ലോകകപ്പിനാണ് ഇറങ്ങുന്നത്. ജൂണ്‍ നാലിനാണ് ലോകകപ്പില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ ആദ്യ മത്സരം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

Content Highlight: Babar Azam completed 4,000 T20I runs

We use cookies to give you the best possible experience. Learn more