ഇത്രയും നാള്‍ ബാറ്റിങ് റെക്കോഡായിരുന്നു ഇപ്പോള്‍ ക്യാപ്റ്റന്‍സി റെക്കോഡിലും തൊട്ട് തുടങ്ങി; വിരാടിനെ വീണ്ടും തൂക്കി ബാബര്‍
Asia cup 2023
ഇത്രയും നാള്‍ ബാറ്റിങ് റെക്കോഡായിരുന്നു ഇപ്പോള്‍ ക്യാപ്റ്റന്‍സി റെക്കോഡിലും തൊട്ട് തുടങ്ങി; വിരാടിനെ വീണ്ടും തൂക്കി ബാബര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th September 2023, 10:57 pm

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസം ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയുടെ മറ്റൊരു റെക്കോഡ് തകര്‍ത്തു. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലുമാണ് താരം വിരാടിന്റെ റെക്കോഡ് ഇത്തവണ തകര്‍ത്തത്.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചതോടെയാണ് ബാബര്‍ പുതിയ റെക്കോഡ് കൈവരിച്ചത്. ഏകദിനത്തില്‍ നായകനായി ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന പദവിയാണ് ഇത്തവണ ബാബര്‍ കൈവരിച്ചത്.

31 ഇന്നിങ്‌സില്‍ നിന്നുമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകനായിരുന്ന വിരാട് 36 ഇന്നിങ്‌സ് കളിച്ചാണ് 2000 റണ്‍സ് നേടിയത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി.ഡിവില്ലേഴ്‌സാണ് ലിസ്റ്റില്‍ മൂന്നാമതുള്ളത്. 41 ഇന്നിങ്‌സില്‍ 2000 റണ്‍സ് തികക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നാലമതുള്ള മൈക്കിള്‍ ക്ലാര്‍ക്ക് 47 ഇന്നിങ്‌സില്‍ നിന്നുമാണ് ആ നേട്ടം കൈവരിച്ചത്.

ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ആറ് റണ്‍സ് മതിയായിരുന്നു ബാബറിന് ഈ നേട്ടം സ്വന്തം പേരില്‍ കുറക്കാന്‍. താരം 17 റണ്‍സ് നേടിയരുന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.

ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ പതറിയ ബംഗ്ലാദേശ് 193 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു. പാകിസ്ഥാനായി ഹാരിസ് റൗഫ് നാലും നസീം ഷാ മൂന്നും വിക്കറ്റ് നേടി.

സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും (53 റണ്‍സ്) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം (64 റണ്‍സ്) മാത്രമെ ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയുള്ളൂ.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 78 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിന്റെയും പുറത്താകാതെ 63 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെയും തോളിലേറി മത്സരം വിജയിക്കുകയായിരുന്നു.

Content Highlight: Babar Azam Broke Another Record Of Virat Kohli