| Thursday, 30th June 2022, 12:31 pm

അങ്ങനെ അതും കൈവിട്ട് പോയി; ഇനിയും ഇയാള്‍ക്ക് എന്തെങ്കിലും നഷ്ടപ്പെടാനുണ്ടോ?

സ്പോര്‍ട്സ് ഡെസ്‌ക്

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. ക്രിക്കറ്റിന്റെ സമസ്ത ഫോര്‍മാറ്റിലും റണ്ണടിച്ചുകൂട്ടി റെക്കോഡുകളുടെ കളിത്തോഴനായിട്ടായിരുന്നു താരം വിരാജിച്ചിരുന്നത്.

എന്നാല്‍ കുറച്ചുകാലമായി താരത്തിന് പഴയ ഫോമിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുന്നില്ല. ഓരോ കളി കഴിയുമ്പോഴും പഴയ വിരാടില്‍ നിന്ന് അകന്നകന്നു പോകുന്നതായിട്ടാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് തോന്നാറുള്ളത്.

വിരാടിനൊപ്പം തന്നെ മൂല്യം കല്‍പിച്ച് ആഘോഷിക്കപ്പെടുന്ന താരമാണ് പാകിസ്ഥാന്റെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം. ഫാബ് ഫോറിലേക്കെത്താന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരവുമാണ് ബാബര്‍.

വിരാട് നേരത്തെ സൃഷ്ടിച്ച റെക്കോഡുകള്‍ ഓരോന്നായി തകര്‍ക്കുക എന്നതാണ് ബാബറിന്റെ ഇപ്പോഴത്തെ ഹോബി. ഏറെ കാലം വിരാട് കുത്തകയാക്കി കൊണ്ടുനടന്ന പല റെക്കോഡുകളും ബാബര്‍ ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ, വിരാടിന്റെ മറ്റൊരു റെക്കോഡുകൂടി ബാബര്‍ അസം സ്വന്തം പേരിലാക്കിയിരിക്കുകയാണ്. രണ്ട് മാസത്തിനിടെ വിരാടിന്റെ രണ്ടാം റെക്കോഡാണ് താരം ഇപ്പോള്‍ തന്റെ പേരിലാക്കിയിരിക്കുന്നത്.

നേരത്തെ, വേഗത്തില്‍ 1,000 റണ്‍സ് സ്വന്തമാക്കുന്ന ക്യാപ്റ്റന്‍ എന്ന വിരാടിന്റെ റെക്കോഡാണ് ബാബര്‍ തകര്‍ത്തത്. 17 ഇന്നിങ്‌സില്‍ നിന്നും വിരാട് ആയിരം റണ്‍സ് നേടിയപ്പോള്‍ 13 മത്സരത്തില്‍ നിന്നാണ് ബാബര്‍ സ്വപ്‌ന നേടത്തിലേക്ക് ഓടിയെത്തിയത്.

ഇപ്പോള്‍, ടി-20യിലെ വിരാടിന്റെ ഒരു റെക്കോഡാണ് ബാബര്‍ മറികടന്നിരിക്കുന്നത്. ഐ.സി.സിയുടെ ടി-20 റാങ്കില്‍ ഏറ്റവുമധികം ദിവസം ഒന്നാം സ്ഥാനത്ത് തുടര്‍ന്ന താരം എന്ന റെക്കോഡാണ് ബാബര്‍ വിരാടിനെ മറികടന്ന് സ്വന്തമാക്കിയത്.

ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ പട്ടിക പ്രകാരം ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ബാബര്‍ 1030 ദിവസമാണ് ടോപ് റാങ്കില്‍ തുടര്‍ന്നത്. പുതിയ പട്ടികയില്‍ 21ാമതുള്ള വിരാട് നേരത്തെ 1013 ദിവസമായിരുന്നു ഒന്നാം സ്ഥാനത്ത് തുടര്‍ന്നത്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒന്നാമതാണെങ്കിലും ടെസ്റ്റില്‍ ബാബര്‍ നാലാം സ്ഥാനത്താണ്.

ജൂലൈ 16നാണ് പാകിസ്ഥാന്റെ അടുത്ത പരമ്പര ആരംഭിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ വെച്ചാണ് രണ്ട് ടെസ്റ്റ് അടങ്ങിയ പരമ്പര.

അതേസമയം, വിരാട് ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലാണ്. ഒരു ടെസ്റ്റും മൂന്ന് ടി-20, ഏകദിനവുമടങ്ങിയതാണ് ഇന്ത്യ – ഇംഗ്ലണ്ട് സീരീസിലുള്ളത്.

Content highlight:  Babar Azam breaks another world record held by Virat Kohli

We use cookies to give you the best possible experience. Learn more