കിങ് ബാബര്‍! കോഹ്‌ലിയൊക്കെ ബഹുദൂരം പിന്നില്‍; പുത്തന്‍ റെക്കോഡിട്ട് പാക് നായകന്‍
Sports News
കിങ് ബാബര്‍! കോഹ്‌ലിയൊക്കെ ബഹുദൂരം പിന്നില്‍; പുത്തന്‍ റെക്കോഡിട്ട് പാക് നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th August 2023, 10:18 pm

 

ഏകദിന ക്രിക്കറ്റില്‍ 100 ഇന്നിങ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോഡ് സ്വന്തമാക്കി പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. നിലവില്‍ നടക്കുന്ന പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടയിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്.

ഏകദിനത്തില്‍ 100 ഇന്നിങ്‌സില്‍ നിന്നും 5,000ത്തിന് മുകളില്‍ റണ്‍സാണ് ബാബര്‍ അടിച്ചുകൂട്ടിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓപ്പണര്‍ ഹാഷിം അംല 4,946 റണ്‍സാണ് 100 ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ നേടിയിരുന്നത്.

58.49 ആണ് ബാബറിന്റെ ശരാശരി. 18 തവണ താരം സെഞ്ച്വറി നേടിയപ്പോള്‍ 26 എണ്ണം അര്‍ധസെഞ്ച്വറിയില്‍ ഒതുങ്ങി. പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ബാറ്ററിലേക്കാണ് താരം നടന്നുനീങ്ങുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്ന താരമാണ് ബാബര്‍. വിരാടിനേക്കാള്‍ മികച്ചവനാണ് ബാബര്‍ എന്ന് താരത്തിന്റെ ആരാധകര്‍ നിരന്തരം വാദിക്കാറുണ്ട്. വിരാട് നേടിയെടുത്ത ഒരുപാട് റെക്കോഡുകള്‍ താരം തിരുത്തി കുറിച്ചിട്ടുമുണ്ട്.

100 ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ ലിസ്റ്റില്‍ വിരാട് ഒമ്പതാമതാണ്. 49.76 ശരാശരിയില്‍ 4,230 റണ്‍സാണ് വിരാട് ആദ്യ നൂറ് ഇന്നിങ്‌സില്‍ നിന്നും സ്വന്തമാക്കിയത്. 13 സെഞ്ച്വറിയും 23 അര്‍ധസെഞ്ച്വറിയും വിരാട് നേടിയിരുന്നു.

വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മൂന്നാം സ്ഥാനത്തുള്ള താരം. നാലാമത് വിന്‍ഡീസിന്റെ നിലവിലെ കരുത്തായ ഷായ് ഹോപ്പും അഞ്ചാമത് ഇംഗ്ലണ്ട് ഇതിഹാസം ജോയ് റൂട്ടുമാണ്.

ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ ശിഖര്‍ ധവാനാണ് ആറാം സ്ഥാനത്തുള്ളത്. ഏഴാമത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും എട്ടാമത് മുന്‍ വിന്‍ഡീസ് താരം ഗോര്‍ഡന്‍ ഗ്രീനിഡ്ജുമാണ്. ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പത്താം സ്ഥാനത്തുണ്ട്.

content highlight: Babar Azam becomes top runscorer after 100 Odi innings