2024ല്‍ ടി-20യില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരമായി പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം. 2024 ആരംഭിച്ചതിനു ശേഷം വെറും മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ബാബര്‍ പുതിയ നാഴികക്കലിലേക്ക് എത്തിയത് ഏറെ ശ്രദ്ധേയമായി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിക്ക് വേണ്ടിയുള്ള തകര്‍പ്പന്‍ പ്രകടനങ്ങളാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരത്തിനെ ഈ റെക്കോഡ് നേട്ടത്തിലെത്തിച്ചത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സെമിഫൈനലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരെ നേടിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് ശേഷമാണ് താരം 1000 റണ്‍സ് എന്ന പുതിയ നാഴികകല്ലിലേക്ക് മുന്നേറിയത്. 42 പന്തില്‍ 46 റണ്‍സായിരുന്നു ബാബര്‍ നേടിയത്. അഞ്ച് ഫോറുകളാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരം നേടിയത്. 2024ല്‍ 22 മത്സരങ്ങളില്‍ നിന്നും 53.05 ശരാശരിയില്‍ 1008 റണ്‍സാണ് ബാബര്‍ നേടിയത്.
അതേസമയം മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരെ ബാബറും കൂട്ടരും ഏഴ് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത സാല്‍മി 20 ഓവറില്‍ ഏഴ് ക്രിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് നേടിയത്. 46 റണ്‍സ് നേടിയ നായകന്‍ ബാബറാണ് സാല്‍മിയുടെ ടോപ് സ്‌കോറര്‍.
മുള്‍ട്ടാന്‍ ബൗളിങ്ങില്‍ ഒസാമ മിര്‍, ക്രിസ് ജോര്‍ദന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുള്‍ട്ടാന്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. യാസിര്‍ ഖാന്‍ 54 റണ്‍സും ഉസ്മാന്‍ ഖാന്‍ 36 റണ്‍സും നേടി തകര്‍ത്തടിച്ചപ്പോള്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ജയിച്ചു കയറുകയായിരുന്നു.