ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പോലെ തന്നെ പാക് നായകന്‍ ബാബര്‍ അസമിനും 2022 കരിയറിലെ തന്നെ മോശം വര്‍ഷമായിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നുവെങ്കിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബര്‍ സമ്പൂര്‍ണ പരാജയമായിരുന്നു.
പാകിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2022. ഹോം മാച്ചില്‍ വഴങ്ങിയ തോല്‍വികളുള്‍പ്പെടെ പാക് ക്രിക്കറ്റിനെ തന്നെ ഈ വര്‍ഷം പിടിച്ചുകുലുക്കിയിരുന്നു. ഒരുപക്ഷേ കോഴ വിവാദത്തിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ഇത്രത്തോളം തിരിച്ചടി നേരിട്ടത് 2022ലെ ടെസ്റ്റ് പരാജയങ്ങളിലാകും.
ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലാണ് ബാബറും സംഘവും അവസാനമായി പരാജയം രുചിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വൈറ്റ്‌വാഷ് ചെയ്തായിരുന്നു ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 17 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ആതിഥേയരെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വെച്ച് നിഷ്പ്രഭരാക്കുകയായിരുന്നു.
ഈ തോല്‍വിയോടെ പാകിസ്ഥാന്‍ ക്രിക്കറ്റിനെയും പാക് നായകന്‍ ബാബര്‍ അസമിനെയും തേടിയെത്തിയത് മോശം റെക്കോഡുകളുടെ പെരുമഴയാണ്. ഇതോടെ 2022 എന്ന വര്‍ഷത്തെ മറക്കാനാകും ബാബറും പാകിസ്ഥാന്‍ ക്രിക്കറ്റും ശ്രമിക്കുന്നത്.
പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നിലും തോറ്റാണ് പാകിസ്ഥാന്‍ ഈ നാണക്കേട് സ്വന്തമാക്കിയത്.
ചരിത്രത്തിലാദ്യമായിട്ടാണ് പാകിസ്ഥാന്‍ തുടര്‍ച്ചയായ നാല് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.
ഇതിന് പുറമെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ പേരിലും ഒരു മോശം റെക്കോഡ് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഹോം ടെസ്റ്റ് മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ പാകിസ്ഥാന്‍ നായകന്‍ എന്ന അനാവശ്യ റെക്കോഡാണ് ബാബറിനെ തേടിയെത്തിയത്.
പാകിസ്ഥാന്റെ ഈ തോല്‍വിക്ക് പിന്നാലെ ബാബറിനെ വിമര്‍ശിച്ചുകൊണ്ട് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ബാബര്‍ ഒരിക്കലും ഒരു നല്ല ക്യാപ്റ്റനല്ല എന്നും വിരാട് കോഹ്‌ലിയുമായി ബാബറിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നുമായിരുന്നു പാക് സൂപ്പര്‍ താരം ഡാനിഷ് കനേരിയ ആവശ്യപ്പെട്ടത്.
‘ആളുകള്‍ ബാബര്‍ അസമിനെ വിരാട് കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമെല്ലാം തന്നെ വലിയ താരങ്ങളാണ്. അവരുമായി താരതമ്യം ചെയ്യാന്‍ പോന്ന ഒരാള്‍ പോലും പാകിസ്ഥാന്‍ ടീമിലില്ല.
പാക് താരങ്ങളോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ അതിലെ രാജാക്കന്‍മാരായിരിക്കും. എന്നാല്‍ കളത്തിലിറങ്ങി കളിക്കാന്‍ ആവശ്യപ്പെട്ടാലോ അവര്‍ വെറും പൂജ്യമായി മാറും,’ കനേരിയ പറഞ്ഞു.
ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബര്‍ പരാജയമാണെന്നും ക്യാപ്റ്റന്‍സിയെന്താണ് എന്നത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിനെ കണ്ട് പഠിക്കാനും കനേരിയ ആവശ്യപ്പെട്ടു.
‘ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ബാബര്‍ വെറും പൂജ്യമാണ്. അവന് ടീമിനെ നയിക്കാന്‍ ഒരു അര്‍ഹതയുമില്ല, പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍.
ഈ പരമ്പരയില്‍ ക്യാപ്റ്റന്‍സിയെന്താണെന്ന കാര്യം ബെന്‍ സ്റ്റോക്സില്‍ നിന്നും ബ്രെന്‍ഡന്‍ മക്കല്ലത്തില്‍ നിന്നും പഠിക്കാന്‍ അവന് അവസരം ഉണ്ടായിരുന്നു. അല്ലെങ്കില്‍ അവന്‍ അവന്റെ ഈഗോ മാറ്റിവെച്ച് ക്യാപ്റ്റന്‍സി സര്‍ഫറാസ് അഹമ്മദിനെ ഏല്‍പിക്കാന്‍ തയ്യാറാകണം,’ കനേരിയ കൂട്ടിച്ചേര്‍ത്തു.
Content Highlight: Babar Azam became the worst captain in the history of Pakistan