| Monday, 14th October 2024, 3:32 pm

ബാബറിന് പുറമെ സ്റ്റാര്‍ പേസറും പുറത്ത്; പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വമ്പന്‍ പൊട്ടിത്തെറി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനാണ് കളമൊരുങ്ങുന്നത്. ഒക്ടോബര്‍ 15 മുതല്‍ 19വരെയാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ആദ്യ മത്സരത്തിന് വേദിയായ അതേ മുള്‍ട്ടാന്‍ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്സ് തോല്‍വി വഴങ്ങിയാണ് പാകിസ്ഥാന്‍ തലകുനിച്ചുനിന്നത്. ഈ തോല്‍വിക്ക് പിന്നാലെ സ്വന്തം മണ്ണില്‍ ടെസ്റ്റ് വിജയത്തിനായുള്ള പാകിസ്ഥാന്റെ കാത്തിരിപ്പ് നീളുകയാണ്.

ഇപ്പോള്‍ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ് പി.സി.ബി പുറത്ത് വിട്ടിരിക്കുകയാണ്. മാത്രമല്ല മോശം പ്രകടനം കാരണം പാകിസ്ഥാന്റെ മുന്‍നിര താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, സര്‍ഫറാസ് അഹമ്മദ് എന്നിവരെയും സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

ഏറെ നാളുകളായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബാബറിന് സാധിച്ചില്ല. 2022 ഡിസംബറിന് ശേഷം ഒരിക്കല്‍പ്പോലും ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ ടെസ്റ്റില്‍ ബാറ്റിങ്ങിന് അനുകൂലമായ ഫ്ളാറ്റ് ട്രാക് ഉണ്ടായിരുന്നിട്ട് പോലും താരം അമ്പേ പരാജയപ്പെട്ടു. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി വെറും 35 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. 1, 41, 26, 23, 0, 22, 31, 11, 30, 5 എന്നിങ്ങനെയാണ് അവസാന പത്ത് ടെസ്റ്റ് ഇന്നിങ്സില്‍ താരത്തിന്റെ പ്രകടനം. ഇതോടെ പല മുന്‍ താരങ്ങളും താരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

താരത്തിന് പുറമെ സ്റ്റാര്‍ ബൗളര്‍ ഷഹീന്‍ അഫ്രീദിയേയും സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അടുത്ത കാലത്തായി ബൗളിങ്ങില്‍ അഫ്രീദി മോശം പ്രകടനമാണ് നടത്തിയത്. ശ്രദ്ധിക്കപ്പെടുന്ന ഒരു നേട്ടവും താരത്തിന് തന്റെ അക്കൗണ്ടില്‍ രേഖപ്പെടുത്താന്‍ സാധിച്ചില്ലായിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ അഫ്രീദിക്ക് വെറും ഒരു വിക്കറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഇതിനെല്ലാം പുറമെ പാകിസ്ഥാന്‍ ടീമില്‍ നിലനില്‍ക്കുന്ന ഈഗോ ക്ലാഷും ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരിക്കുന്നുണ്ട്. ടീമില്‍ ഇത്തരത്തിലുള്ള സ്ഥിതിവിശേഷങ്ങള്‍ ഉണ്ടാക്കുന്ന താരങ്ങള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാകിസ്ഥാന്‍ ചെയര്‍മാന്‍ പറഞ്ഞിരുന്നു.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്‌റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നൊമാന്‍ അലി, സയിം അയൂബ്, സാജിദ് ഖാന്‍, സല്‍മാന്‍ അലി ആഘ, സാഹിദ് മെഹ്‌മൂദ്.

Content Highlight: Babar Azam And Shaheen Shah Afridi Removed From Second Test Against England

We use cookies to give you the best possible experience. Learn more