| Saturday, 22nd October 2022, 8:58 pm

എന്താ എല്ലാ കളിക്കാരും 'റെയ്ന്‍ റെയ്ന്‍ ഗോ എവേ പാടിയിരിക്കുകയാണോ' എന്ന് മാധ്യമപ്രവര്‍ത്തകന്‍; കിടിലന്‍ മറുപടി നല്‍കി പാക് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടത്തുകയാണ് പാകിസ്ഥാനും ഇന്ത്യയും. ഒക്ടോബര്‍ 23ന് നടക്കുന്ന മത്സരത്തിനായി ക്രിക്കറ്റ് പ്രേമികളെല്ലാവരും കാത്തിരിക്കുകയാണ്.

പക്ഷെ കാലാവസ്ഥ മാറിമറിയുന്ന ഓസ്‌ട്രേലിയയില്‍ മഴ മാച്ചിന് വില്ലാനാകുമോ എന്ന ആശങ്കയും ഉയര്‍ന്നുണ്ട്. ഓവറുകളുടെ എണ്ണം കുറക്കുകയോ അല്ലെങ്കില്‍ മാച്ച് തന്നെ ഉപേക്ഷിക്കേണ്ടി വരികയോ ചെയ്യുന്ന സാഹചര്യമുണ്ടാകാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

ഈ ആശങ്കയെ പാകിസ്ഥാന്‍ ടീം എങ്ങനെയാണ് കാണുന്നതെന്ന കാര്യമറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. കൂട്ടത്തിലെ വളരെ രസകരമായ ചോദ്യവും അതിന് ബാബര്‍ അസം നല്‍കിയ പൊട്ടിച്ചിരിപ്പിക്കുന്ന മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘കളിക്കാരൊക്കെ ഇപ്പോള്‍ റെയ്ന്‍ റെയ്ന്‍ ഗോ എവേ പാടുകയാണോ’ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അതിന് മറുപടിയായി ‘ഞങ്ങള്‍ കുട്ടികള്‍ക്ക് താരാട്ടുപാട്ട് പാടി കൊടുക്കുകയല്ല ചെയ്യുന്നത്’ എന്നായിരുന്നു ബാബര്‍ അസം പറഞ്ഞത്.

കാലാവസ്ഥയെ കുറിച്ചുള്ള ആശങ്കകളെ തങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്നും ബാബര്‍ ഇതിന് പിന്നാലെ വിശദീകരിച്ചു. ‘നോക്കൂ, കാലാവസ്ഥ നമ്മുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല. ഒരു കളിക്കാരെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും മാച്ച് നടക്കണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എല്ലാവരും ഈ മത്സരത്തിനായി കാത്തിരിക്കുകയാണ്. മുഴുവന്‍ ഓവറുകളോടും കൂടി മാച്ച് നടക്കുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്. എത്ര ഓവറിന്റെ മാച്ചായാലും ഞങ്ങളുടെ നൂറ് ശതമാനവും നല്‍കി കളിക്കാനും ഏത് സാഹചര്യത്തെയും നേരിടാനും തന്നെയാണ് തീരുമാനം,’ ബാബര്‍ അസം പറഞ്ഞു.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും മഴയെ കുറിച്ച് ചോദ്യമുന്നയിച്ചിരുന്നു. ബാബറിനോട് സമാനമായ രീതിയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘എന്ത് സാഹചര്യം വന്നാലും നേരിടാന്‍ തയ്യാറായി ഇരിക്കുകയാണ് ഞങ്ങള്‍. കാലാവസ്ഥ നമ്മുടെ കയ്യിലുള്ള കാര്യമല്ല. 40 ഓവര്‍ പ്രതീക്ഷിച്ച് തന്നെയാണ് ഞങ്ങള്‍ ഗ്രൗണ്ടിലെത്തുക. പക്ഷെ 20 ഓവറായാലും അതിനും ഞങ്ങള്‍ തയ്യാറായിരിക്കും,’ രോഹിത് ശര്‍മ പറഞ്ഞു.

ടി-20 സൂപ്പര്‍ 12ലെ ഇന്ത്യ-പാക് മാച്ച് കാണാന്‍ ഒരു ലക്ഷത്തോളം കാണികളെത്തുമെന്നാണ് കരുതപ്പെടുന്നത്.

Content Highlight: Babar Azam and Rohit Sharma give hilarious reply to a question about weather condition before T20 match

We use cookies to give you the best possible experience. Learn more