കളി തോറ്റിട്ടും, പരമ്പര നാണംകെട്ട് തോറ്റിട്ടും ഐതിഹാസിക ടി-20 റെക്കോഡ്; പടിയിറക്കി വിട്ടത് വിരാടിനെയും ഗെയ്‌ലിനെയും
Sports News
കളി തോറ്റിട്ടും, പരമ്പര നാണംകെട്ട് തോറ്റിട്ടും ഐതിഹാസിക ടി-20 റെക്കോഡ്; പടിയിറക്കി വിട്ടത് വിരാടിനെയും ഗെയ്‌ലിനെയും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 1st June 2024, 1:00 pm

ടി-20 ലോകകപ്പിന് മുമ്പ് നടന്ന പരമ്പരയില്‍ പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ ബിഗ് ഇവന്റിനിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-0നാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്.

പരമ്പരയിലെ ആദ്യ മത്സരവും മൂന്നാം മത്സരവും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തിലും നാലാം മത്സരത്തിലും ബാബറും സംഘവും തോല്‍വിയറിഞ്ഞു.

ഓവലില്‍ നടന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ 1-1ന് പരമ്പര സമനിലയിലാക്കാനും ലോകകപ്പിന് മുമ്പ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനും ബാബറിനും സാധിക്കുമായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ വിജയം നേടിയാണ് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയത്.

എന്നാല്‍ ഈ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു ഐതിഹാസിക നേട്ടം സ്വന്തമാക്കാന്‍ പാക് നായകന്‍ ബാബര്‍ അസമിനും സൂപ്പര്‍ താരം മുഹമ്മദ് റിസ്വാനും സാധിച്ചു. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിന് പിന്നാലെയാണ് ഇരുവരെയും തേടി ടി-20 ഫോര്‍മാറ്റിലെ തന്നെ ചരിത്രനേട്ടമെത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന ഓപ്പണര്‍മാര്‍ എന്ന നേട്ടമാണ് ബാബറും റിസ്വാനും തങ്ങളുടെ പേരില്‍ കുറിച്ചത്. ഇത് 24ാം തവണയാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

23 തവണ ഈ നേട്ടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്‌ലിനെയും വിരാട് കോഹ്‌ലിയെയും മറികടന്നാണ് ബാബര്‍ – റിസ്വാന്‍ ഡുവോ ചരിത്രം കുറിച്ചത്.

അതേസമയം, മത്സത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്.

ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും പാകിസ്ഥാന് 157 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാന്‍ 16 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ കൂടിയായ ബാബര്‍ അസം 22 പന്തില്‍ 36 റണ്‍സ് നേടി. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഉസ്മാന്‍ ഖാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 21 പന്ത് നേരിട്ട് രണ്ട് സിക്സറും മൂന്ന് ഫോറും അടക്കം 38 റണ്‍സാണ് താരം നേടിയത്.

മധ്യനിര പാടെ നിരാശപ്പെടുത്തിയ മത്സരത്തില്‍ ഇഫ്തിഖര്‍ അഹമ്മദ് ചെറുത്തുനിന്നു. 18 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്. 18 പന്ത് നേരിട്ട് 16 റണ്‍സടിച്ച നസീം ഷായും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ 19.5 ഓവറില്‍ പാകിസ്ഥാന്‍ 157ന് പുറത്തായി.

ആതിഥേയര്‍ക്കായി ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, മോയിന്‍ അലി എന്നിവര്‍ ഓരോ പാക് താരങ്ങളെയും പവലിയനിലേക്ക് മടക്കിയയച്ചു. ഹാരിസ് റൗഫ് റണ്‍ ഔട്ടായി പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് അനായാസം വിജയം പിടിച്ചടക്കി. ഓപ്പണര്‍ ഫില്‍ സോള്‍ട്ട് 24 പന്തില്‍ 45 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ 21 പന്ത് നേരിട്ട് 39 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മടങ്ങി.

ജോണി ബെയര്‍സ്റ്റോ (16 പന്തില്‍ പുറത്താകാതെ 28), വില്‍ ജാക്സ് (18 പന്തില്‍ 20), ഹാരി ബ്രൂക്ക് (14 പന്തില്‍ പുറത്താകാതെ 17) എന്നിവരും തിളങ്ങിയപ്പോള്‍ 27 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.

നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ആദില്‍ റഷീദാണ് കളിയിലെ താരം.

പരമ്പരയില്‍ നടന്ന രണ്ട് മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിനെയാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുത്തത്.

 

 

Content highlight: Babar Azam and Mohamad Rizwan rewrites T20 history