| Thursday, 19th October 2023, 7:13 pm

അവസരങ്ങള്‍ എപ്പോഴും കിട്ടില്ലല്ലോ, ഇന്ത്യയിലെ സ്റ്റേഡിയങ്ങള്‍ അങ്ങനെയാണ്; തുറന്നടിച്ച് ബാബര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ പാകിസ്ഥാന്‍ തങ്ങളുടെ നാലാം മത്സരത്തിനിറങ്ങുകയാണ്. ഇന്ത്യയോടേറ്റ പരാജയത്തിന്റെ നിരാശ മറക്കാനാണ് പാകിസ്ഥാന്‍ വെള്ളിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയിലെത്തി മത്സരങ്ങള്‍ കളിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഹൈദരാബാദിലെത്തിയ പാകിസ്ഥാന്‍ ടീമിന് ഹൃദ്യമായ സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയത്.

ഇപ്പോള്‍ ഇന്ത്യന്‍ സ്‌റ്റേഡിയങ്ങളിലെ ഓരോ നിമിഷങ്ങളും തങ്ങള്‍ ആസ്വദിക്കുകയാണെന്ന് പറയുകയാണ് പാക് നായകന്‍ ബാബര്‍ അസം.

ഇത്തരം അവസരങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കാറില്ലെന്നും ഓരോ സ്‌റ്റേഡിയത്തിലും വ്യത്യസ്തമായ അനുഭൂതിയാണ് തങ്ങള്‍ക്കുണ്ടാകുന്നതെന്നും ബാബര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടാണ് ബാബര്‍ ഇക്കാര്യം പറഞ്ഞത്.

‘ആദ്യമായാണ് ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്. ഞങ്ങള്‍ക്ക് ഈ അവസരങ്ങള്‍ അധികം ലഭിക്കാറില്ല. ഇന്ത്യയിലെ ഓരോ സ്‌റ്റേഡിയത്തിന്റെയും അനുഭവവും ആവേശവും വ്യത്യസ്തമാണ്. ഇക്കാരണം കൊണ്ടുതന്നെ എവിടെയാണെങ്കിലും അതെല്ലാം ആസ്വദിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ ബാബര്‍ പറഞ്ഞു.

ബാബര്‍ അസമിന് പുറമെ ഇമാം ഉള്‍ ഹഖ്, ഷഹീന്‍ ഷാ അഫ്രിദി, ഷദാബ് ഖാന്‍ തുടങ്ങിയവരും ഇതേ അഭിപ്രായമാണ് പറഞ്ഞത്.

ലോകകപ്പില്‍ മികച്ച രീതിയിലാണ് പാകിസ്ഥാന്‍ തുടങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെടുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 81 റണ്‍സിന് വിജയിച്ച പാക് പട ശ്രീലങ്കക്കെതിരായ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 117 പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ വിജയിച്ച് ലോകകപ്പിലേക്ക് തിരികെയെത്താന്‍ പാകിസ്ഥാനും തുടക്കത്തിലേറ്റ തിരിച്ചടിക്ക് മറുപടി നല്‍കാന്‍ കങ്കാരുപ്പടയും ഇറങ്ങുമ്പോള്‍ പോരാട്ടം തീ പാറും ലോകകപ്പിലെ മറ്റൊരു ക്ലാഷ് ഓഫ് ടൈറ്റന്‍സിനാണ് ബെംഗളൂരു വേദിയാകുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവും ആരാധകര്‍ക്കില്ല.

Content Highlight: Babar Azam about stadiums in India

Latest Stories

We use cookies to give you the best possible experience. Learn more