ഇപ്പോള്‍ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയാണ് പാക് നായകന്‍ ബാബര്‍ അസം. പോസ്റ്റ് മാച്ച് പ്രസന്റേഷനിലായിരുന്നു ബാബര്‍ ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങളുടെ പ്രകടനത്തില്‍ ഏറെ നിരാശനാണ്. ഒരുപക്ഷേ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ കാര്യങ്ങലെല്ലാം മാറിമറിഞ്ഞേനേ. ശരിയാണ്, ഞങ്ങള്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപാട് തെറ്റുകള്‍ വരുത്തി.
ഇന്നത്തെ മത്സരത്തില്‍ 20-30 റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ ഇംഗ്ലണ്ടിന് ലഭിച്ചു. ചില ലൂസ് ഡെലിവെറികള്‍ എറിഞ്ഞു. ഞങ്ങളുടെ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചിരുന്നില്ല. അത് മാച്ചില്‍ വലിയ മാറ്റമാണ് വരുത്തിയത്. മിഡില്‍ ഓര്‍ഡറുകളില്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ ബുദ്ധിമുട്ടുമെന്നുറപ്പാണ്.
ടീം ഒന്നിച്ചൊന്നായി ചര്‍ച്ച ചെയ്യും. അതില്‍ നിന്നും പോസ്റ്റീവുകളെ സ്വീകരിക്കും, തെറ്റുകളെ മനസിലാക്കുകയും ചെയ്യും,’ ബാബര്‍ പറഞ്ഞു.
അതേസമയം, മത്സരത്തിന് മുമ്പ് തന്നെ പാകിസ്ഥാന്റെ സെമി സാധ്യതകള്‍ അടഞ്ഞിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം 6.2 ഓവറില്‍ മറികടന്നെങ്കില്‍ മാത്രമായിരുന്നു പാകിസ്ഥാന് നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കുക.
യഥാര്‍ത്ഥത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെടുന്നതിന് മുമ്പ്, ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ടോസ് ഇംഗ്ലണ്ടിന് അനുകൂലമായ നിമിഷം തന്നെ പാകിസ്ഥാന് സെമി ഫൈനല്‍ നഷ്ടമായിരുന്നു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് ചെയ്സ് ചെയ്തിറങ്ങിയ പാക് പട 43.3 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആഘാ സല്‍മാനാണ് പാക് പടയുടെ ടോപ് സ്‌കോറര്‍.
ഡിസംബര്‍ 14ന് തുടങ്ങുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെയാണ് പാകിസ്ഥാന്‍ അടുത്ത അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് കടക്കുന്നത്. മൂന്ന് ടെസ്റ്റും അഞ്ച് ടി-20യുമാണ് പാകിസ്ഥാന്റെ ഓസീസ് പര്യടനത്തിലുള്ളത്.
Content highlight: Babar Azam about Pakistan’s lost against England