| Monday, 22nd February 2021, 2:41 pm

ബാബാ റോങ് ദേവ്, വെരി റോങ് ഡാ ഡേയ്; രാംദേവിന്റെ വീഡിയോ പങ്കിട്ട് സിദ്ധാര്‍ത്ഥിന്റെ ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പെട്രോല്‍ വില വര്‍ദ്ധനവ് ന്യായീകരിച്ച് രംഗത്തെത്തിയ പതഞ്ജലി സ്ഥാപകന്‍ രാം ദേവിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. രാംദേവിന്റെ 2014 ലെയും 2021 ലെയും വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്.

അഴിമതി കൊണ്ടാണ് പെട്രോളിന് വിലകൂടിയതെന്നായിരുന്നു 2014 ല്‍ രാംദേവ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇന്ധന വിലയില്‍ വര്‍ദ്ധനവ് വരുത്തിയപ്പോള്‍
അത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണെന്നാണ് രാംദേവിന്റെ വാദം. രണ്ട് വീഡിയോകളും പങ്കുവെച്ച് നിരവധിപേരാണ് പരിഹാസവുമായി വന്നുകൊണ്ടിരിക്കുന്നത്.

ബാബാ റോങ് ദേവ്, വെരി റോങ് ഡാ ഡേയ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ പ്രതിഷേധവുമായി വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര രംഗത്തെത്തിയിരുന്നു. സെക്കിള്‍ ചവിട്ടിയായിരുന്നു വദ്രയുടെ പ്രതിഷേധം.

നഗരത്തിലൂടെ സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് വദ്ര സൈക്കിളില്‍ സഞ്ചരിക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇന്ധന വില കുറയ്ക്കാനാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കുന്നതിനോടൊപ്പം അവയ്ക്ക് മേലുള്ള എക്സൈസ് നികുതിയും കേന്ദ്രം കുത്തനെ വര്‍ധിപ്പിക്കുന്നതെന്തിനെന്ന് കത്തില്‍ സോണിയ ചോദിച്ചിരുന്നു.

ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്ധനവിലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ എക്സൈസ് നികുതി പിന്‍വലിക്കണമെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

രാജ്യത്ത് തുടര്‍ച്ചയായി പതിമൂന്ന് ദിവസം ഇന്ധന വില കൂട്ടിയിരുന്നു. പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Baba WrongDev. Very wrong da dei Actor Sidharth mocks Ram Dev

We use cookies to give you the best possible experience. Learn more