| Sunday, 13th October 2024, 7:33 am

മുംബൈ ബാന്ദ്രയിൽ മുൻ എം.എൽ.എ ബാബ സിദ്ദിഖ് വെടിയേറ്റു മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവും മുൻ എം.എൽ.എയുമായ ബാബ സിദ്ദിഖ് ശനിയാഴ്ച മുംബൈയിലെ ബാന്ദ്ര ഏരിയയിൽ വെടിയേറ്റ് മരിച്ചു. മൂന്ന് തവണ വെടിയേറ്റ അദ്ദേഹത്തെ പിന്നീട് ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സിദ്ദിഖിനെ വെടിവച്ച മൂന്ന് പേരിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശനിയാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഒരാൾ ഉത്തർപ്രദേശിൽ നിന്നും മറ്റേയാൾ ഹരിയാനയിൽ നിന്നുമാണ്. മൂന്നാമതൊരാൾ ഇപ്പോഴും ഒളിവിലാണ്,’ ഷിൻഡെ പറഞ്ഞു.

‘സംഭവിച്ചത് വളരെ നിർഭാഗ്യകരമാണ്. മുംബൈയിൽ ക്രമസമാധാനം കൈയിലെടുക്കാൻ ആർക്കും കഴിയരുതെന്ന് ഞാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർശന നടപടിയുണ്ടാകണം,’ മുഖ്യമന്ത്രി താനെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തനിക്ക് ഒരു നല്ല സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പ്രസ്താവനയിൽ പറഞ്ഞു. ശക്തമായ നടപടിയുണ്ടാകുമെന്നും ആക്രമണത്തിന് നേതൃത്വം നൽകിയ ആളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പവാർ പറഞ്ഞു.

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ ഒരു നേതാവിനെയാണ് സിദ്ദിഖിൻ്റെ മരണത്തിലൂടെ മഹാരാഷ്ട്രയ്ക്ക് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ രാഷ്ട്രീയക്കാരും സിദ്ദിഖിൻ്റെ മരണത്തെ അപലപിക്കുകയും മഹാരാഷ്ട്രയിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്യുന്ന മാരകമായ ആക്രമണത്തെ ഉദ്ധരിക്കുകയും ചെയ്തു.

1992 നും 1997 നും ഇടയിൽ തുടർച്ചയായി രണ്ട് തവണ മുനിസിപ്പൽ കോർപ്പറേറ്ററായും സിദ്ദിഖ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ്, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റിയുടെയും പാർലമെൻ്ററി ബോർഡിൻ്റെയും ചെയർപേഴ്‌സണും സീനിയർ വൈസ് പ്രസിഡൻ്റുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് .

2024 ഫെബ്രുവരി 8-ന് അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു . പിന്നീട് അദ്ദേഹം 2024 ഫെബ്രുവരി 12ന് അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേരുകയായിരുന്നു.

Content Highlight: Baba Siddique, former Maharashtra Minister and NCP leader, shot dead in Mumbai

We use cookies to give you the best possible experience. Learn more